+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജയിലഴിക്കുള്ളില്‍ 25 വര്‍ഷം, ഒടുവില്‍ നിരപരാധിയെന്ന് കണ്ടെത്തി വിട്ടയച്ചു

ക്യൂന്‍സ് (ന്യൂയോര്‍ക്ക്): കൊലപാതക കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് 25 വര്‍ഷം ജയിലഴികള്‍ക്കുള്ളില്‍ കഴിയേണ്ടിവന്ന വിമുക്തഭടനും, യുഎസ്പിഎസ് മെയില്‍മാനുമായ ഏണസ്റ്റ് കെന്‍ഡ്രിക്കിനെ (62) നിരപരാധിയെന്ന് കണ്ട
ജയിലഴിക്കുള്ളില്‍ 25 വര്‍ഷം, ഒടുവില്‍ നിരപരാധിയെന്ന് കണ്ടെത്തി വിട്ടയച്ചു
ക്യൂന്‍സ് (ന്യൂയോര്‍ക്ക്): കൊലപാതക കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് 25 വര്‍ഷം ജയിലഴികള്‍ക്കുള്ളില്‍ കഴിയേണ്ടിവന്ന വിമുക്തഭടനും, യുഎസ്പിഎസ് മെയില്‍മാനുമായ ഏണസ്റ്റ് കെന്‍ഡ്രിക്കിനെ (62) നിരപരാധിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിട്ടയച്ചു. വര്‍ഷങ്ങളായി ഇയാളുടെ കുടുംബാംഗങ്ങള്‍ ഏണസ്റ്റ് കുറ്റക്കാരനല്ലെന്ന് തെളിയിക്കുന്നതിനുള്ള നിരന്തര ശ്രമത്തിലായിരുന്നു. നവംബര്‍ 19 വ്യാഴാഴ്ച ക്യൂന്‍സ് സുപ്രീംകോടതി ജഡ്ജിയാണ് ഏണസ്റ്റിനെ വിട്ടയ്ക്കാന്‍ ഉത്തരവിട്ടത്.

1994-ല്‍ 70 വയസുള്ള വൃദ്ധയെ പിന്നില്‍ നിന്നും കത്തികൊണ്ട് കുത്തി കൊലപ്പെടുത്തിയശേഷം കയ്യിലുണ്ടായിരുന്ന പേഴ്‌സ് കവര്‍ന്ന് രക്ഷപെട്ടുവെന്നതാണ് ഏണസ്റ്റിനെതിരേ ചാര്‍ജ് ചെയ്തിരുന്ന കേസ്.

കൃത്യം നടന്ന അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും നൂറ് മീറ്റര്‍ അകലെയുള്ള ഒരു അപ്പാര്‍ട്ട്‌മെന്റിന്റെ മൂന്നാം നിലയില്‍ താമസിക്കുന്ന പത്തു വയസുകാരന്റെ മൊഴിയെ അടിസ്ഥാനപ്പെടുത്തിയാണ് ഏണസ്റ്റിനെ കേസില്‍ പ്രതിചേര്‍ത്തത്. തിരിച്ചറിയല്‍ പരേഡില്‍ ആദ്യം മറ്റൊരാളെയാണ് ചൂണ്ടിക്കാട്ടിയതെങ്കിലും പിന്നീട് ഏണസ്റ്റിനെ ചൂണ്ടിക്കാണിക്കുകയായിരുന്നു. ഇയാളാണ് കൃത്യം നിര്‍വഹിച്ചതെന്ന് പറഞ്ഞതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്ത് കേസെടുക്കുകയായിരുന്നു. രണ്ടാമത്തെ സാക്ഷി ഏണസ്റ്റിനെപ്പോലെയുള്ള ഒരാള്‍ പേഴ്‌സുമായി ഓടുന്നത് കണ്ടുവെന്ന് മൊഴി നല്‍കിയിരുന്നു.

ഇപ്പോള്‍ പ്രായപൂര്‍ത്തിയായ പത്തുവയസുകാരന്‍ അന്ന് എനിക്ക് പ്രതിയെ ശരിക്കും മനസിലാക്കാന്‍ കഴിഞ്ഞില്ലെന്നും, കൊല്ലപ്പെട്ട വൃദ്ധയില്‍ നിന്നും ലഭിച്ച തെളിവുകള്‍ ഏണസ്റ്റിന്റെ ഡി.എന്‍.എയുമായി സാമ്യമില്ല എന്നും കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രതിയെ കോടതി കുറ്റവിമുക്തനാക്കുകയായിരുന്നു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍