+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കമല ഹാരിസിന്‍റെ വിജയം ആഘോഷിച്ച് മലയാളികൾ

ഹൂസ്റ്റൺ: അമേരിക്കൻ വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട കമല ഹാരിസിന്‍റെ വിജയം ആഘോഷമാക്കി ഹൂസ്റ്റൺ മലയാളികൾ. നവംബർ 15 നു സ്റ്റാഫ്‌ഫോർഡിലെ ദേശി റസ്റ്ററന്‍റിൽ രാഷ്ട്രീയ സംഘടനാ വ്യത്യാസങ്ങൾ മറന്ന
കമല ഹാരിസിന്‍റെ  വിജയം ആഘോഷിച്ച് മലയാളികൾ
ഹൂസ്റ്റൺ: അമേരിക്കൻ വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട കമല ഹാരിസിന്‍റെ വിജയം ആഘോഷമാക്കി ഹൂസ്റ്റൺ മലയാളികൾ.

നവംബർ 15 നു സ്റ്റാഫ്‌ഫോർഡിലെ ദേശി റസ്റ്ററന്‍റിൽ രാഷ്ട്രീയ സംഘടനാ വ്യത്യാസങ്ങൾ മറന്ന് കോവിഡ് നിയമങ്ങൾ പാലിച്ചുകൊണ്ട് അരങ്ങേറിയ യോഗത്തിൽ ഫോട്ബെൻഡ് കൗണ്ടി ജഡ്‌ജ്‌ കെ.പി. ജോർജ് , സ്റ്റാ‌ഫോർഡ് സിറ്റി കൗൺസിൽമാൻ കെൻ മാത്യു, ജഡ്‌ജ് ജൂലി മാത്യു, ഫോട്ബെൻഡ് കൗണ്ടി ഡെമോക്രാറ്റിക്‌ പാർട്ടി പ്രസിഡന്‍റ് സിന്ത്യ ഗിൻയാർഡ്‌ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.

കമല ഹാരിസിന്‍റെ വിജയം അമേരിക്കയിലെ ഇന്ത്യക്കാർക്ക് മാത്രമല്ല കുടിയേറ്റ സമൂഹത്തിനു തന്നെ പുതിയ ചക്രവാളങ്ങൾ തുറക്കുകയാണെന്നു കെ.പി. ജോർജ് പറഞ്ഞു. അവസരങ്ങൾ പാഴാക്കാതെ കൂടുതൽ ഇന്ത്യക്കാർ രാഷ്ട്രീയത്തിലേക്ക് വരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യക്കാരിയായ ഒരു ജഡ്‌ജി എന്ന നിലയിൽ തന്‍റെ പ്രവർത്തനങ്ങളെ പിന്തുണക്കുന്നതിനു പകരം വിമർശനാത്മകമായ സമീപനമാണ് നേരിടുന്നതെന്നും പക്ഷെ എല്ലാറ്റിനെയും അതിജീവിച്ചു മുന്നേറുക എന്നതാണ് തന്‍റെ ഉറച്ച നിലപാടെന്നും ജൂലി മാത്യു പറഞ്ഞു.

ജോർജിന്‍റേയും ജൂലിയുടെയും പാത പിന്തുടർന്ന് കൂടുതൽ യുവാക്കൾ രംഗത്തു വരുന്നില്ലെങ്കിൽ ഇവിടത്തെ കുടിയേറ്റ വിഭാഗത്തിന് കനത്ത തിരിച്ചടിയായിരിക്കും ഭാവിയിൽ നേരിടേണ്ടി വരിക എന്ന് സിറ്റി കൗൺസിൽമാൻ കെൻ മാത്യു ഓർമിപ്പിച്ചു. രാഷ്ട്രീയം നോക്കാതെ ഇന്ത്യക്കാരെ വോട്ട് ചെയ്തു വിജയിപ്പിക്കുക എന്നതാണ് നമ്മുടെ സമൂഹത്തിനു ഇപ്പോൾ കരണീയമായിട്ടുള്ളത്. ഇത് തിരിച്ചറിയുന്നില്ലെങ്കിൽ നമ്മുടെ ഭാവി ഇരുളടഞ്ഞതാവും. അഞ്ചാം തവണയും സിറ്റി കൗൺസിലിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട കെൻ മാത്യു ഓർമിപ്പിച്ചു.

ഹൂസ്റ്റൺ മലയാളി അസോസിയേഷൻ മുൻ പ്രസിഡന്‍റും സാമൂഹ്യ പ്രവർത്തകനുമായ എസ്.കെ. ചെറിയാൻ അധ്യക്ഷത വഹിച്ചു. മലയാളി സമൂഹത്തെ പ്രതിനിധീകരിച്ചു അനിൽ ആറന്മുള, ബാബു തെക്കേക്കര, ഡോ. ബിജു പിള്ള, ജോർജ് മണ്ണിക്കരോട്ട്, കെന്നഡി ജോസഫ്, രഞ്ജിത് പിള്ള, വിനോദ് വാസുദേവൻ, മൈസൂർ തമ്പി, എബ്രഹാം തോമസ് തുടങ്ങി നിരവധി പേർ ആശംസകൾ നേർന്നു സംസാരിച്ചു. ഹൂസ്റ്റൺ മലയാളി അസോസിയേഷൻ മുൻ പ്രസിഡന്‍റും സാമൂഹ്യ പ്രവർത്തകയുമായ പൊന്നു പിള്ള ആഘോഷത്തിൽ പങ്കെടുക്കാനെത്തിയ ഇന്ത്യൻ സമൂഹത്തിനു നന്ദി പറഞ്ഞു.

റിപ്പോർട്ട്: ഡോ. ജോർജ് എം. കാക്കനാട്ട്