ജർമനിയിൽ കോവിഡ് വ്യാപനം കുറയുന്നു; അതീവ ജാഗ്രത തുടരണമെന്ന് വിദഗ്ധർ

01:00 AM Nov 15, 2020 | Deepika.com
ബർലിൻ: ജർമനിയിൽ കോവിഡ് വ്യാപനത്തിന്‍റെ രണ്ടാം തരംഗത്തിന്‍റെ ശക്തി കുറഞ്ഞു വരുന്നതായി സൂചനകൾ ലഭിച്ചു തുടങ്ങി. അതേസമയം, ആഴ്ചകളുടെ താരതമ്യത്തിൽ വർധനയുടെ തോത് മാത്രമാണ് കുറഞ്ഞിരിക്കുന്നത്, വർധന തുടരുക തന്നെയാണ്. അതിനാൽ അതീവ ജാഗ്രത തുടരുക തന്നെ വേണമെന്നാണ് വിദഗ്ധർ നിർദേശിക്കുന്നത്.

രോഗ വ്യാപനത്തിന്‍റെ തോത് കുറയാനുള്ള കാരണം കൃത്യമായി നിർവചിക്കാൻ സാധിച്ചിട്ടില്ല. കൂടുതൽ ശക്തമായ നിയന്ത്രണങ്ങൾ രാജ്യത്ത് ഏർപ്പെടുത്തിയത് ഗുണം ചെയ്തു എന്നാണ് അനുമാനം.


കാരണം എന്തുതന്നെയായാലും വൈറസിനെതിരേ രാജ്യം പൂർണമായ നിസഹായാവസ്ഥയിലല്ല എന്നു വ്യക്തമാകുന്നത് ശുഭസൂചന തന്നെയാണെന്ന് സർക്കാർ വിലയിരുത്തുന്നു.

വ്യാഴാഴ്ച 21,866 പേർക്കാണ് പുതിയതായി രോഗം റിപ്പോർട്ട് ചെയ്തത്. തൊട്ടു തലേന്നത്തേതിനെ അപേക്ഷിച്ച് 3400 പേരുടെ കുറവാണിത്. ആർ റേറ്റ് ഒന്നിനു താഴെയെത്തിയത് (0.89) കൂടുതൽ ആശ്വാസകരമാണ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ