ബർലിൻ: ജർമൻ പാർലമെന്റ് ഉപാധ്യക്ഷനും(ബുണ്ടെസ്റ്റാഗ് വൈസ് പ്രസിഡന്റ്) സോഷ്യലിസ്റ്റ് പാർട്ടിയുടെ സമുന്നത നേതാവുമായ തോമസ് ഓപ്പർമാൻ(66) അന്തരിച്ചു. ഞായറാഴ്ച രാത്രിയിൽ ജർമൻ ടിവിയുടെ അഭിമുഖത്തിൽ പങ്കെടുത്ത ചടങ്ങിനിടെ അദ്ദേഹം കുഴഞ്ഞുവീഴുകയും ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല.
ന്ധബണ്ടെസ്റ്റാഗും കൊറോണയുംന്ധ എന്ന വിഷയത്തിൽ "ബെർലിൻ ഡയറക്റ്റ്" എന്ന പരിപാടിയിൽ തത്സമയ അഭിമുഖത്തിൽ അതിഥിയായിരുന്നു ഓപ്പർമാൻ.
ഒരു മികച്ച ഡെമോക്രാറ്റും കഴിഞ്ഞ മുപ്പതു വർഷമായി ജർമൻ രാഷ്ട്രീയത്തിൽ സോഷ്യലിസ്റ്റ് കക്ഷിയുടെ തിളക്കമുള്ള നേതാവുമായ തോമസ് ഓപ്പർമാൻ 2017 ഒക്ടോബർ മുതൽ ജർമ്മൻ ബണ്ടെസ്റ്റാഗിന്റെ വൈസ് പ്രസിഡന്റാണ്. അതിനുമുന്പ് നാലുവർഷത്തോളം എസ്പിഡി പാർലമെന്ററി ഗ്രൂപ്പിന്റെ ചെയർമാനായിരുന്നു. 2007 നവംബർ മുതൽ 2013 ഡിസംബർ വരെ എസ്പിഡി പാർലമെന്ററി ഗ്രൂപ്പിന്റെ ആദ്യ പാർലമെന്ററി മാനേജരും 1998 മാർച്ച് മുതൽ 2003 മാർച്ച് വരെ ഓപ്പർമാൻ ലോവർ സാക്സോണിയിൽ ശാസ്ത്രസാംസ്കാരിക മന്ത്രിയായിരുന്നു, 2005 മുതൽ ബണ്ടെസ്റ്റാഗിൽ അംഗമായ അദ്ദേഹം 2020 ഓഗസ്റ്റിൽ വരും നാളുകളിലെ ഫെഡറൽ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു.
ഓപ്പർമാന്റെ നിര്യാണത്തിൽ ബുണ്ടെസ്റ്റാഗ് ഇന്ന് കൊടിമരത്തിൽ പതാകകൾ പകുതി താഴ്ത്തികെട്ടി.ഓപ്പർമാന്റെ അകാല നിര്യാണത്തിൽ ചാൻസലർ മെർക്കൽ, ധനമന്ത്രി ഒലാഫ് ഷോൾസ്, പാർലമെന്റ് അദ്ധ്യക്ഷൻ വോൾഫ്ഗാംഗ് ഷൊയ്ബലെ തുടങ്ങിയ ജർമനിയിലെ മുതിർന്ന നേതാക്കൾ അനുശോചിച്ചു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ജർമൻ പാർലമെന്റ് ഉപാധ്യക്ഷൻ തോമസ് ഓപ്പർമാൻ അന്തരിച്ചു
10:14 PM Oct 26, 2020 | Deepika.com