ജർമനിയിൽ സമ്പര്‍ക്കം കുറയ്ക്കാനും യാത്ര ഒഴിവാക്കാനും ചാൻസലറിന്‍റെ അഭ്യർഥന

09:49 PM Oct 19, 2020 | Deepika.com
ബര്‍ലിന്‍: കോവിഡ് വ്യാപനം നിയന്ത്രിക്കാൻ സമ്പര്‍ക്കം കുറയ്ക്കാനും യാത്ര ഒഴിവാക്കാനും ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചു. വീഡിയോ സന്ദേശത്തിലൂടെയാണ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.

ആവശ്യമില്ലാത്ത യാത്രയും, ആഘോഷവും ഒഴിവാക്കാനും മെര്‍ക്കല്‍ അഭ്യര്‍ഥിച്ചു.സാധ്യമാകുന്നിടത്തെല്ലാം എവിടെയായിരുന്നാലും ദയവായി വീട്ടില്‍ തന്നെ തുടരാണ് മെര്‍ക്കല്‍ അഭ്യര്‍ഥന. വൈറസ് വ്യാപനം നമ്മില്‍ ഓരോരുത്തരുമായുള്ള സമ്പര്‍ക്കങ്ങളുടെയും എണ്ണത്തെയും നേരിട്ട് ആശ്രയിച്ചിരിക്കുന്നു. "എല്ലാവരും ഇപ്പോള്‍ സ്വന്തം കുടുംബത്തിന് പുറത്തുള്ള കൂടിക്കാഴ്ച കുറച്ചുകാലത്തേക്ക് ഗണ്യമായി കുറയ്ക്കുകയാണെങ്കില്‍," അത് വിജയിക്കും. അണുബാധകള്‍ കൂടുതല്‍ തടയുന്നതിനും ഇത് കാരണമാകും.

"കൊറോണ മഹാമാരിയുടെ ആദ്യ ആറുമാസങ്ങളില്‍ ജര്‍മനി താരതമ്യേന നന്നായി കടന്നുപോയി. അത് വിജയിച്ചു, കാരണം ഞങ്ങള്‍ ഒരുമിച്ച് നില്‍ക്കുകയും നിയമങ്ങള്‍ പാലിക്കുകയും ചെയ്തു, നിലവില്‍ മഹാമാരിക്കെതിരെ ഏറ്റവും ഫലപ്രദമായ മാര്‍ഗവും ഇതാണ്'- മെൽക്കൽ കൂട്ടിച്ചേര്‍ത്തു.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലില്‍