കുമ്പിൾ ക്രിയേഷൻസിന്‍റെ ഏറ്റവും പുതിയ മരിയൻ ഗാനം "ജപസൂക്തം' വൈറലാവുന്നു

11:17 AM Oct 18, 2020 | Deepika.com
ബർലിൻ: കോവിഡ് കാലത്തു ആധിയും വ്യാധിയും കൊണ്ട് മനുഷ്യൻ പൊറുതിമുട്ടി നിൽക്കുമ്പോൾ ആശ്വാസത്തിന്റെ തണൽ, സാന്ത്വനത്തിന്റെ പരിരംഭണം, പ്രാർത്ഥനാ വിശ്വാസം ഇതൊക്കെ തന്നെ സാമൂഹ്യ ജീവിയായ മനുഷ്യന് ഏറെ പ്രയോജനപ്പെടുന്ന കാര്യങ്ങളാണ്. പ്രാർത്ഥനയുടെ കാര്യം പറയുമ്പോൾ ജപമാലയുടെ പ്രാധാന്യം പരിശുദ്ധ ദൈവമാതാവിനോടുള്ള അപേക്ഷ എന്നിവയൊക്കെ പരിപാലിച്ചു പോരുന്നതും ആയ വിഷയങ്ങളാണ്. ക്രിസ്തീയ ഭക്തിഗാന മേഖലയിൽ കഴിഞ്ഞ 32 വർഷമായി നിരവധി ഭക്തി ഗാനങ്ങൾ സമ്മാനിച്ച കുമ്പിൾ ക്രിയേഷൻസിന്റെ ഏറ്റവും പുതിയ മരിയൻ ഗാനം "ജപസൂക്തം" യൂട്യൂബിൽ വൈറലാവുന്നു.

അതുകൊണ്ടു തന്നെ ജപമാലയുടെ മാസമായ ഒക്ടോബറിനെ ധന്യമാക്കാൻ, ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ മരിയഭക്തിയുടെ തലോടലിൽ ഒരുക്കിയ സാന്ത്വന ഗാനമാണ് ജപസൂക്തം. ജപമാലയുടെ പ്രാധാന്യത്തിൽ പരിശുദ്ധ ദൈവമാതാവിനോടുള്ള സ്നേഹം ഈ ഗാനത്തിന്റെ ആത്മാവായി ജ്വലിക്കുന്നു. നല്ലൊരു ഗാനരചയിതാവായ ജോസ് കുമ്പിളുവേലിൽ ന്റെ തൂലികയിൽ പിറന്ന വരികൾക്ക് ഫാ. മാത്യൂസ് പയ്യപ്പിള്ളി എംസിബിഎസ് ന്റെ ആത്മസംഗീതത്തിൽ,അതിമനോഹരമായി ദേവസംഗീതം പൊഴിക്കുന്ന ഓർക്കസ്‌ട്രേഷൻ ഒരുക്കിയത് ബിനു മാതിരംപുഴ ആണ്.

ഓടക്കുഴൽ സംഗീതത്തിന് പേരുകേട്ട രാജേഷ് ചേർത്തലയാണ് ഈ ഗാനത്തിൽ പുല്ലാങ്കുഴൽ വായിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ ഗാനം ഏറെ ഹൃദ്യമായി മനസിന്റെ ഉള്ളിൽ അലിഞ്ഞിറങ്ങുന്ന അനുഭൂതി പകർന്നിടുന്നു. കോറസ് ആലപിച്ചത് മാബിൾ, സിജി & റിൻസി എന്നിവരാണ്. പ്രാർത്ഥനയ്‌ക്കൊപ്പം എന്നും ഏറ്റുപാടാൻ, എന്നും ഹൃദയത്തിൽ സൂക്ഷിക്കാൻ ആത്മാവിൽ സ്വീകരിക്കാൻ ഒരു സൂക്തം വീഡിയോ രൂപത്തിൽ നിങ്ങൾക്കായി സമർപ്പിക്കുന്നു. കുമ്പിൾ ക്രിയേഷൻസിന്റെ ബാനറിൽ പ്രവാസിഓൺലൈൻ സഹായത്തോടുകൂടി ജെൻസ്, ജോയൽ, ഷീന കുമ്പിളുവേലിൽ ആണ് ഇതിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസഴ്സ്. ഗാനത്തിന്റെ ഓഡിയോ മിക്സിംഗ് - ജിന്റോ ജോൺ (ഗീതം സ്റ്റുഡിയോ,കൊച്ചി),കാമറ - അജയ് & ജിന്റോ,എഡിറ്റിംഗ് - മാർട്ടിൻ, ജോബിൻസ് ഹാർമണി എന്നിവരാണ് മറ്റു അണിയറശില്പികൾ. ഈ ഗാനത്തിന്റെ ഫെമയിൽ വേർഷൻ ഒക്ടോബർ 24 നു പുറത്തിറങ്ങും, ഒപ്പം ഗാനത്തിന്റെ വരികൾ അടങ്ങിയ കരൊക്കെയും യു ട്യൂബിൽ ലഭ്യമാണ്.



കുമ്പിൾ ക്രിയേഷൻസ് മുൻപ് പുറത്തിറക്കിയ മനോജ് ക്രിസ്റ്റി ആലപിച്ച "കരൾ പിടഞ്ഞു", യുകെയിലെ കൊച്ചു ഗായിക ടെസ്സ ജോൺ പാടിയ "അമ്മയെന്ന സത്യം" എന്നീ രണ്ടു ഗാനങ്ങൾ മനോരമ മ്യൂസിക് ആണ് മാർക്കറ്റ് ചെയ്യുന്നത്.

https://www.youtube.com/watch?v=YP3urZPnlpE