നാവൻ കുർബാന സെന്‍റർ ഉദ്ഘാടനവും, ഇടവക തിരുനാളും, പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും

02:30 PM Sep 26, 2020 | Deepika.com
ഡബ്ലിൻ: സീറോ മലബാർ സഭയുടെ ഡബ്ലിൻ റീജിയന്‍റെ കീഴിലുള്ള പുതിയ കുർബാന സെന്‍റർ നാവനിൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. നിത്യസഹായ മാതാവിന്‍റെ നാമത്തിൽ നാവൻ, ട്രിം ഏരിയായിലെ സീറോ മലബാർ വിശ്വാസികൾക്കായി ആരംഭിക്കുന്ന കുർബാന സെൻ്ററിൻ്റെ ഉദ്ഘാടനം നാവൻ ചാർച്ച് ഓഫ് നേറ്റിവിറ്റി ദേവാലയത്തിൽ സെപ്റ്റംബർ 26 നു സീറോ മലബാർ സഭയുടെ അയർലൻഡ് നാഷണൽ കോർഡിനേറ്റർ റവ. ഡോ. ക്ലമൻ്റ് പാടത്തിപറമ്പിൽ നിർവഹിക്കുന്നു. വികാരി ഫാ. റോയ് വട്ടക്കാട്ട്, ഫാ. രാജേഷ് മേച്ചിറാകത്ത് കൂടാതെ മറ്റ് വൈദീകരും ചടങ്ങിൽ പങ്കെടുക്കും. ഇടവക മധ്യസ്ഥയായ നിത്യസഹായ മാതാവിന്‍റെ തിരുനാളും ഇതോടൊപ്പം നടക്കും.

ബ്ലാഞ്ചാർഡ്സ് ടൗൺ കുർബാന സെന്‍ററിന്‍റെ ഭാഗമായി ട്രിം ഏരിയായിലെ കുടുംബങ്ങൾക്കായി റവ. ഫാ. ജോസ് ഭരണികുളങ്ങര അച്ചന്‍റെ നേതൃത്വത്തിൽ 2015 ൽ ട്രിംമിൽ ആരംഭിച്ച വിശുദ്ധ കുർബാന അർപ്പണം 2017 ൽ നാവനിലേയ്ക്ക് മാറ്റി. 2019 ൽ ഫാ. റോയ് വട്ടക്കാട്ട് ചുമതലയേൽക്കുകയും സെപ്റ്റംബർ മുതൽ വിശ്വാസ പരിശീലനക്ലാസുകൾ ആരംഭിക്കുകയും ചെയ്തു. നാല്പതോളം കുടുംബങ്ങൾ ഈ കുർബാന സെന്‍ററിന്‍റെ കീഴിൽ നിലവിലുണ്ട്. ഒന്നും മൂന്നും ശനിയാഴ്ചകളിൽ രാവിലെ പത്തിനു നാവൻ ചാർച്ച് ഓഫ് നേറ്റിവിറ്റിയിൽ കുർബാന നടത്തപ്പെടും. തുടർന്ന് ഞായറാഴ്ചകളിലേയ്ക്ക് കുർബാന അർപ്പണം മാറ്റുവാനുള്ള ക്രമീകരണങ്ങൾ നടന്നുവരുന്നു.

ശനിയാഴ്ച് നടക്കുന്ന വിശുദ്ധ കുർബാന മധ്യേ ക്രിസ്റ്റൽ ഫോർബിൻ ജോൺ, എമിൽ റെജു, കെവിൻ ഇമ്മാനുവേൽ ജോസി, മിഷാൽ സേവ്യർ, സാറാ പ്രിൻസ് എന്നീ കുട്ടികളുടെ ആഘോഷമായ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടക്കും. കോവിഡ് മാർഗനിർദ്ദശങ്ങൾ പൂർണമായും പാലിച്ചുകൊണ്ടാകും ചടങ്ങുകൾ നടക്കുക.

റിപ്പോർട്ട് : ജയ്സൺ കിഴക്കയിൽ