സമീക്ഷ യുകെ നാലാം വാർഷികം; ഓൺലൈൻ സമ്മേളനം ചരിത്രസംഭവമാവും

06:12 PM Sep 22, 2020 | Deepika.com
ലണ്ടൻ: സമീക്ഷ യുകെ യുടെ നാലാം വാർഷികം ഒക്ടോബർ 4നു വെബിനാറായി നടത്തുന്നതിനുള്ള ഒരുക്കങ്ങൾ മികച്ച രീതിയിൽ പുരോഗമിക്കുന്നതായി സംഘാടകസമിതി അറിയിച്ചു.

ഇന്ത്യയിലെയും യുകെയിലെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ അമരക്കാരും പ്രമുഖ വാഗ്മികളും ആണ് സമീക്ഷയുടെ വേദിയിൽ അണിനിരക്കുന്നത് . സിപിഎം പോളിറ്റ് ബ്യുറോ അംഗം എം‌.എ. ബേബി , AIC GB സെക്രട്ടറി ഹർസെവ് ബെയ്‌ൻസ്‌ , എം സ്വരാജ് എംഎൽഎ, ദക്ഷിണേന്ത്യൻ ചലച്ചിത്ര വേദിയിലെ നിറസാന്നിധ്യമായ ഹരീഷ് പേരടി , ഇന്ത്യൻ സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷക അഡ്വ.രശ്മിത രാമചന്ദ്രൻ എന്നിവരാണ് വിശിഷ്ട അതിഥികളായി പങ്കെടുക്കുന്നത്.

യുകെ യിൽ ആദ്യമായിട്ടാണ് ഒരു സംഘടന രാജ്യത്തെമ്പാടുമുള്ള ബ്രാഞ്ചുകളിലെ അംഗങ്ങളെയും ഇന്ത്യയിലും യുകെയിലും ഉള്ള പ്രാസംഗികരേയും കോർത്തിണക്കി ഒരു സമ്മേളനം നടത്തുന്നതെന്ന് സംഘാടകർ അവകാശപ്പെട്ടു.

ദേശിയ സമ്മേളനത്തിന് മുന്നോടിയായി സമീക്ഷ യുകെയുടെ 24 ബ്രാഞ്ചുകളിലെയും സമ്മേളനങ്ങൾ പുരോഗമിക്കുകയാണ്. ഭാവിയിൽ സംഘടനാ ഏറ്റെടുക്കേണ്ട പ്രവർത്തനങ്ങളെ സംബന്ധിച്ചു മികച്ച രീതിയിലുള്ള ചർച്ചകളാണ് ബ്രാഞ്ചുസമ്മേളനങ്ങളിലെ പ്രതിനിധികൾ മുന്നോട്ടു വയ്ക്കുന്നത് . ഈ ചർച്ചകളിൽ ഉരുത്തിരിഞ്ഞു വരുന്ന അഭിപ്രായങ്ങൾ ബ്രാഞ്ചിന്‍റെ പ്രതിനിധികൾ ദേശീയ സമ്മേളനത്തിൽ ചർച്ച ചെയ്യാനായി അവതരിപ്പിക്കും.

സമീക്ഷ യുകെ കഴിഞ്ഞ സമ്മേളനത്തിനുശേഷം നടത്തിയ പരിപാടികളുടെ വിലയിരുത്തലും ഭാവി പ്രവർത്തനങ്ങളുടെ രൂപരേഖ തയാറാക്കുവാനും വേണ്ടിയുള്ള പ്രതിനിധി സമ്മേളനം ഒക്ടോബർ 11നു സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുൻ എംപിയുമായ .പി രാജീവ് ഉദ്‌ഘാടനം ചെയ്യും.

സമ്മേളനം വിജയിപ്പിക്കുന്നതിനായി എല്ലാ സമീക്ഷ പ്രവർത്തകരെയും അഭ്യുദയകാംഷികളെയും സമീക്ഷ യുകെ ദേശിയ സമിതിക്കു വേണ്ടി അഭിവാദ്യം ചെയ്ത പ്രസിഡന്‍റ് സ്വപ്ന പ്രവീണും സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളിയും യുകെയിലും ലോകത്തെമ്പാടും ഉള്ള മലയാളി സമൂഹത്തെ പൊതുസമ്മേളനത്തിൽ പങ്കെടുക്കുവാൻ സ്വാഗതം ചെയ്തു.

റിപ്പോർട്ട്: ബിജു ഗോപിനാഥ്