അയർലൻഡ് നഴ്സിംഗ് ബോർഡിലേക്ക് രണ്ടു മലയാളികൾ മാറ്റുരയ്ക്കുന്നു

09:33 PM Sep 21, 2020 | Deepika.com
ഡബ്ലിൻ : ഐറിഷ് നഴ്സിംഗ് ബോർഡിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ ഇത്തവണ രണ്ടു മലയാളികൾ മത്സരത്തിനിറങ്ങുന്നു. ഷാൽബിൻ ജോസഫ് കല്ലറയ്ക്കൽ, രാജിമോൾ കെ. മനോജ് എന്നിവരാണ് മൽസരരംഗത്തുള്ള മലയാളികൾ.

ഓണ്‍ലൈൻ വഴി സെപ്റ്റംബർ 15 മുതൽ 23 വരെയാണ് തെരഞ്ഞെടുപ്പ്. രാജ്യത്തിന്‍റെ ചരിത്രത്തിൽ ഇതാദ്യമായിട്ടാണ് മലയാളികൾ മത്സരരംഗത്തേക്ക് വരുന്നത്. രണ്ടുപേരിൽ ഒരാൾ വനിത എന്നതാണ് ശ്രദ്ധേയം. കാറ്റഗറി ഒന്നിൽ രണ്ടു മലയാളികൾ ഉൾപ്പടെ നാലു പേരാണ് മൽസരരംഗത്തുള്ളത്. മൂന്നു പേരെയാണ് തെരഞ്ഞെടുക്കേണ്ടത്.

അയർലൻഡിൽ എത്തുന്ന എല്ലാ നഴ്സുമാർക്കും ക്രിറ്റിക്കൽ സ്കിൽ വർക്ക് പെർമിറ്റ് ലഭ്യമാക്കാൻ കാന്പയിൽ വഴിയായി പോരാട്ടം നടത്തി നിയമഭേദഗതിയിലൂടെ ജനുവരി ഒന്നുമുതൽ നിയമം സർക്കാരിനെക്കൊണ്ട് നടപ്പിലാക്കാൻ സ്വാധീനിച്ച വ്യക്തിയെന്ന നിലയിൽ ഷാൽബിൻ ജോസഫ് അയർലൻഡിൽ ഏറെ സുപരിചിതനാണ്. ഈ നിയമം ഏറ്റവും കൂടുതൽ പ്രയോജനപ്പെട്ടത് ഇന്ത്യക്കാരായ നഴ്സുമാർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമാണ്. അതുകൊണ്ടുതന്നെ ഈ വിഷയത്തിൽ ഷാൽബിൻ നേടിയ വിജയത്തിന്‍റെ അടിസ്ഥാനത്തിൽ ഇപ്പോൾ നഴ്സിംഗ് ബോർഡിലേയ്ക്ക് മൽസരിക്കുന്പോൾ തികഞ്ഞ ശുഭപ്രതീക്ഷയിലാണ്.

നഴ്സിംഗ് ബിരുദത്തിനു പുറമെ, മാനേജ്മെന്‍റിൽ ബിരുദവും ഹെൽത്ത്കെയർ മാനേജ്മെന്‍റിൽ എംബിഎയും ഷാൽബിൻ കരസ്ഥമാക്കിയിട്ടുണ്ട്. 2020 ൽ ഐറിഷ് നഴ്സിംഗ് ആൻഡ് മിഡ് വൈഫറി സംഘടനയുടെ ഇന്‍റർനാഷണൽ വൈസ് ചെയർമാനായ ഷാൽബിൻ, നവാൻ ഒൗവർ ലേഡി ഹോസ്പിറ്റലിൽ ജോലിചെയ്യുന്നു.

കേരളത്തിൽ നിന്നും നഴ്സിംഗ് ബിരുദം നേടിയ ശേഷം അയർലൻഡിലെത്തി നഴ്സിംഗിൽ വിവിധ മാസ്റ്റേഴ്സ് ബിരുദവും സ്വന്തമാക്കിയ രാജിമോൾ മനോജ് ഡബ്ലിനിലെ സെന്‍റ് വിൻസെന്‍റ് ഹോസ്പിറ്റലിലെ ആദ്യ ഇന്ത്യൻ ഐസിയു നഴ്സാണ്. കഴിഞ്ഞ രണ്ടു ദശാബ്ദക്കാലമായി അയർലൻഡിൽ സേവനം ചെയ്യുന്ന രാജിമോൾ വിവിധ ഹോസ്പിറ്റലുകളിൽ വിവിധ നഴ്സിംഗ് തസ്തികകളിൽ ജോലി ചെയ്തിട്ടുണ്ട്. വിക്ലോയിൽ താമസിക്കുന്ന രാജിമോൾ അയർലൻഡിലെ എത്നിക് & മിക്സഡ് കമ്യൂണിറ്റിയിൽ സജീവ സാന്നിദ്ധ്യമാണ്. പുതിയ തലമുറയ്ക്കായി മൈഗ്രന്‍റ്സ് സംവാദങ്ങളും നടത്തിയിട്ടുള്ള രാജിമോൾ ഐറിഷ് നഴ്സിംഗ് സിസ്റ്റത്തിനെക്കുറിച്ച് നല്ല ജ്ഞാനമുള്ള വ്യക്തിയാണ്.

അയർലൻഡിലെ നഴ്സിംഗ് മേഖലയിൽ ജോലി ചെയ്യുന്നവരുടെ എല്ലാ പിന്തുണയും അഭ്യർഥിക്കുന്നതിനൊപ്പം ഇരുവർക്കും വിജയാശംസകളും നേരുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ