+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സാൻഫ്രാൻസിസ്കോ സെന്‍റ് മേരീസ് ദേവാലയത്തിൽ ദൈവമാതാവിന്‍റെ ഓർമ പെരുന്നാൾ

സാൻഫ്രാൻസിസ്കോ: അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിലുൾപ്പെട്ട, സാൻഫ്രാൻസിസ്കോ സെന്‍റ് മേരീസ് സിറിയക് ഓർത്തഡോക്സ് ദേവാലയത്തിൽ പരിശുദ്ധ ദൈവമാതാവിന്‍റെ ഓർമ പെരുന്നാൾ ഓഗസ്റ്റ് 15, 16 (ശനി, ഞായർ) ദിവസങ്ങളിൽ
സാൻഫ്രാൻസിസ്കോ സെന്‍റ് മേരീസ് ദേവാലയത്തിൽ ദൈവമാതാവിന്‍റെ  ഓർമ പെരുന്നാൾ
സാൻഫ്രാൻസിസ്കോ: അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിലുൾപ്പെട്ട, സാൻഫ്രാൻസിസ്കോ സെന്‍റ് മേരീസ് സിറിയക് ഓർത്തഡോക്സ് ദേവാലയത്തിൽ പരിശുദ്ധ ദൈവമാതാവിന്‍റെ ഓർമ പെരുന്നാൾ ഓഗസ്റ്റ് 15, 16 (ശനി, ഞായർ) ദിവസങ്ങളിൽ നടത്തുന്നു.

ഓഗസ്റ്റ് 9ന് വിശുദ്ധ കുർബാനാനന്തരം വികാരി ഫാ. തോമസ് കോര കൊടി ഉയർത്തിയതോടെ ഈ വർഷത്തെ പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കമായി. ഓഗസ്റ്റ് 15 നു(ശനി) വൈകിട്ട് 7.15 ന് സന്ധ്യാ പ്രാർഥനയെ തുടർന്ന് പ്രഗൽഭ വാഗ്മിയും അനുഗ്രഹിത വചന പ്രഘോഷകനുമായ റവ. ശമവൂൻ ഗീവർഗീസ് റമ്പാൻ വചന പ്രഘോഷണം നടത്തും.

16നു (ഞായർ) രാവിലെ 8.15 ന് പ്രഭാത പ്രാർഥന, തുടർന്നു വികാരി ഫാ. തോമസ് കോരയുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പണവും നടക്കും. വിശുദ്ധ കുർബാന ലൈവ് സ്കീം വഴിയായി വിശ്വാസികൾക്ക് കാണുന്നതിനുള്ള ക്രമീകരണം ഒരുക്കിയിട്ടുള്ളതായി ഭാരവാഹികൾ അറിയിച്ചു.

11ന് കുട്ടികളുടെ ഈ വർഷത്തെ ഗ്രാജുവേഷൻ സെറിമണിയുടെ ഉദ്ഘാടനം, ഇടവക മെത്രാപോലീത്താ യൽദൊ മോർ തീത്തോസ് മെത്രാപോലീത്ത ഓൺലൈൻ വഴി നിർവഹിക്കും. പരിശുദ്ധ ദേവാലയത്തിന്‍റെ പത്താം വാർഷികാഘോഷത്തോടനുബന്ധിച്ച് ഇടവകാംഗങ്ങൾ സ്വരൂപിച്ച ചാരിറ്റി തുകയിൽ നിന്നും അർഹരായ ഭവനരഹിതരായ ആളുകൾക്ക് സൗജന്യ ഗ്രോസറി കിറ്റ് വിതരണം ചെയ്യുന്നുവെന്നുള്ളത് ഈ വർഷത്തെ പെരുന്നാൾ ആഘോഷങ്ങളുടെ ഒരു സവിശേഷത കൂടിയാണ്. പദ്ധതിയുടെ ഉദ്ഘാടനവും മെത്രാപോലീത്ത നിർവഹിക്കും.

ആശ്രിതർക്കാശ്വാസവും അനാഥർക്ക് അഭയ കേന്ദ്രവുമായ പരിശുദ്ധ ദൈവമാതാവിന്‍റെ മധ്യസ്ഥതയിൽ അഭയപ്പെട്ട് അനുഗ്രഹിതരാകുവാൻ വിശ്വാസികളേവരേയും കർത്തൃനാമത്തിൽ ക്ഷണിക്കുന്നതായി വികാരി ഫാ. തോമസ് കോര അറിയിച്ചു.

ബിജോയ് വർഗീസ് (വൈസ് പ്രസിഡന്‍റ്), മിഥുൻ മത്തായി (ട്രസ്റ്റി), എബി അബ്രാഹാം (സെക്രട്ടറി), ബിനോയ് മാത്യു, അലൻ പോൾ, തോമസ് അബ്രാഹാം (കമ്മിറ്റിയംഗങ്ങൾ) എന്നിവരുടെ നേതൃത്വത്തിൽ പെരുന്നാൾ ആഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങൾ നടന്നു വരുന്നു.

റിപ്പോർട്ട്: ജോർജ് കറുത്തേടത്ത്