യുകെയില്‍ കോവിഡ് മരണസംഖ്യ 46,000 കടന്നു

08:52 PM Aug 03, 2020 | Deepika.com
ലണ്ടന്‍: ബ്രിട്ടനില്‍ കോവിഡ് -19 ബാധിച്ച് മരിച്ചവരുടെ എണ്ണം 46,201 ആയി. ഞായറാഴ്ച മാത്രം 744 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,04,695 ആയതായി യുകെ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ഓഗസ്റ്റ് ആദ്യം മുതൽ നടപ്പാക്കാനിരുന്ന ലോക്ക് ഡൗൺ നിയന്ത്രണങ്ങളിലെ ഇളവുകൾ രണ്ടാഴ്ചത്തേയ്ക്ക് മാറ്റിയാതായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ അറിയിച്ചു. കൊറോണ ക്ളസ്റ്ററുകളുടെ വർധനവ് കണക്കിലെടുത്താണിത്. കാസിനോകൾ, ബൗളിംഗ് സെന്‍ററുകൾ, ബ്യൂട്ടി സലൂണുകൾ, സ്കേറ്റിംഗ്‌ റിങ്കുകൾ എന്നിവ ഇപ്പോഴും അടഞ്ഞു കിടപ്പാണ് . സിനിമ തിയേറ്ററുകൾ അടക്കമുള്ളവയിൽ മാസ്ക് ധരിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.

അതേസമയം സെപ്റ്റംബറിൽ സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി പബ്ബുകൾ വീണ്ടും അടയ്ക്കേണ്ടി വരുമെന്ന നിർദ്ദേശം സയന്‍റിഫിക് അഡ്വൈസറി ഗ്രൂപ്പ് ഫോർ എമർജൻസീസിന്‍റെ ചെയർമാനായ പ്രഫ. ഗ്രഹാം മെഡ് ലി മുന്നോട്ട് വച്ചിട്ടുണ്ട്.

എന്നാൽ രാജ്യത്ത് ഏർപ്പെടുത്തിയിരുന്ന ഷീൽഡിംഗ് നിയന്ത്രണങ്ങൾ ജൂലൈ അവസാനത്തോടെ എടുത്തുകളഞ്ഞു. ആരോഗ്യ പ്രശ്നങ്ങളും പ്രായാധിക്യവുമുള്ള ഏകദേശം 2.2 മില്യൺ ആളുകളാണ് ഷീൽഡിംഗിൽ ഉണ്ടായിരുന്നത്. ഇത്തരക്കാർക്കു വീടുകളിൽ നിന്ന് പുറത്തുപോവാൻ അനുമതി നല്കിയിട്ടുണ്ട്. ഷീൽഡിംഗിൽ ഉണ്ടായിരുന്നവരിൽ 5,95,000 ത്തോളം ആളുകൾ ജോലി ചെയ്യുന്നവരാണ്.

മാര്‍ച്ച് 11നാണ് ലോകാരോഗ്യ സംഘടന കോവിഡ് 19നെ മഹാമാരിയായി പ്രഖ്യാപിച്ചത്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ