ബർലിൻ: ജർമനിയിൽ കൊറോണവൈറസ് ബാധിതരുടെ എണ്ണം ഒരിക്കൽക്കൂടി കുതിച്ചുയരാൻ തുടങ്ങിയത് രാജ്യത്തിന് ആശങ്കയേറുന്നു. സാമൂഹിക അകലം പാലിക്കാനും മാസ്കുകൾ ധരിക്കാനുമുള്ള നിർദേശങ്ങൾ കർക്കശമായി പാലിക്കണമെന്ന് റോബർട്ട് കോച്ച് ഇൻസ്റ്റിറ്റ്യൂട്ട് ജർമൻ പൗരൻമാർക്ക് നിർദേശം നൽകി.
അതിവേഗത്തിലും അനിയന്ത്രിതവുമായി വീണ്ടും വൈറസ് വ്യാപിക്കുന്ന സ്ഥിതിയാണ് കണ്ടുവരുന്നത്. വൈറസ് ബാധ നിയന്ത്രിക്കുന്ന കാര്യത്തിൽ മറ്റു പല യൂറോപ്യൻ രാജ്യങ്ങളെക്കാൾ മികച്ച പ്രകടനമാണ് ജർമനി നടത്തിയത്. എന്നാൽ, രണ്ടാം തരംഗത്തിൽ ഇതു കൈവിടാൻ അനുവദിക്കരുതെന്നും ആഹ്വാനം.
അവധിക്കാലത്ത് വിനോദയാത്രകൾ വർധിക്കുന്നത് വൈറസ് വ്യാപനം ശക്തമാക്കാൻ ഇടയാക്കുമെന്ന ആശങ്ക രാജ്യത്ത് ശക്തമാണ്. ഈ സാഹചര്യത്തിൽ പുറത്തു നിന്നു വരുന്നവർക്ക് വിമാനത്താവളങ്ങളിൽ കോവിഡ് ടെസ്റ്റിനു സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതുകൂടാതെ ബവേറിയ പോലുള്ള സ്റ്റേറ്റുകൾ റെയിൽവേ സ്റ്റേഷനുകളിലും മോട്ടോർവേകളിലും വരെ ടെസ്റ്റിനു സൗകര്യം നൽകുന്നു. പൂർണമായും സൗജന്യവുമാണിത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
വളരുന്ന കൊറോണ ക്ലസ്റ്ററുകൾ ; ജർമനിക്ക് ആശങ്ക
09:57 PM Jul 29, 2020 | Deepika.com