ഓക്സ്ഫഡ് കോവിഡ് വാക്സിൻ വിജയകരവും സുരക്ഷിതവുമെന്നു സ്ഥിരീകരണം

11:13 AM Jul 21, 2020 | Deepika.com
ലണ്ടൻ: ഓക്സ്ഫഡ് സർവകലാശാലയിലെ ജെന്നർ ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിന്റെ മനുഷ്യ പരീക്ഷണങ്ങളുടെ ആദ്യ ഘട്ടം ഫലപ്രദവും , വിജയകരവും സുരക്ഷിതവുമെന്നു സർവകലാശാല അറിയിച്ചു . .മെഡിക്കൽ ബുള്ളറ്റിൻ ആയ ലാൻസെറ്റ് ജേർണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത് .

ഈ വാക്സിൻ നൽകിയതിന് ശേഷം ആളുകളുടെ പ്രതിരോധ ശേഷി വർധിച്ചതായും ശക്തമായ ആന്റിബോഡിയും , വൈറസിനെ പ്രതിരോധിക്കാൻ കഴിയുന്ന ടി സെല്ലുകളുടെ രോഗ പ്രതിരോധ പ്രതികരണങ്ങളും ദൃശ്യമാക്കിയതായാണ് ജേർണൽ റിപ്പോർട്ടിൽ പറയുന്നത് .പതിനെട്ടിനും , അൻപത്തി അഞ്ചിനും ഇടയ്ക്കു പ്രായമുള്ള പൂർണ്ണ ആരോഗ്യവാന്മാരായ ആയിരത്തി എഴുപത്തി ഏഴ് പേർക്കിടയിൽ ഏപ്രിൽ മെയ് മാസങ്ങളിൽ നടത്തിയ വാക്സിന്റെ ക്ലിനിക്കൽ ട്രയൽ നടത്തിയതിന്റെ ഫലം ഉൾപ്പെടെയാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത് .വാക്സിൻ നൽകിയ തൊണ്ണൂറു ശതമാനം ആളുകളിലും ഒരു ഡോസിന് ശേഷം തന്നെ ന്യൂട്ര ലൈസിംഗ് ആന്റിബോഡികൾ പ്രൊഡ്യൂസ് ചെയ്തതായും ,പത്തു ശതമാനം ആളുകൾക്ക് മാത്രമാണ് രണ്ടാമതൊരു ഡോസുകൂടി നൽകേണ്ടി വന്നതെന്നും ഇവരിലും ന്യൂട്രലൈസിങ് ആന്റിബോഡികൾ പ്രൊഡ്യൂസ് ചെയ്തതായുമാണ് പഠനം വെളിപ്പെടുന്നത് .

വാക്സിന് അപകടകരമായ പാർശ്വ ഫലങ്ങൾ ഒന്നും തന്നെ ഇല്ല എന്നതും ഏറെ പ്രതീക്ഷ നൽകുന്നു . ബ്രിട്ടനിൽ അടുത്ത ഘട്ടത്തിൽ പതിനായിരം ആളുകളിൽ ആണ് വാക്സിൻ പരീക്ഷണം നടത്തുക ,ബ്രിട്ടനിൽ രോഗം ബാധിക്കുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായതിനാൽ അമേരിക്കയിലേക്കും ,ബ്രസീലിലേക്കും ,സൗത്ത് ആഫ്രിയ്ക്കയിലേക്കും ക്ലിനിക്കൽ ട്രയൽ വ്യാപിപ്പിക്കുമെന്നും യൂണിവേഴ്സിറ്റി പഠന റിപ്പോർട്ടിൽ പറയുന്നു.

പരീക്ഷണം വിജയകരമായാൽ ഉടൻ തന്നെ ആളുകളിലേക്ക്‌ നൽകുന്നതിനായി ഫർമാ സ്യുട്ടിക്കൽ കമ്പനിയായ ആസ്ട്ര സെനിക്കയുമായി ചേർന്ന് നൂറു മില്യൺ ഡോസുകൾക്കാണ് ബ്രിട്ടൻ ഓർഡർ നൽകിയിരിക്കുന്നത് . ഇന്ത്യയിൽ പുണെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ടും പരീക്ഷണം പൂർത്തിയാകുന്നതിനു മുൻപേ വാക്സിൻ നിർമ്മാണം ആരംഭിച്ചിട്ടുണ്ട് .

റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ