ബർലിൻ: ജർമൻ ചാൻസലർ സ്ഥാനത്തേക്കു മത്സരിക്കാൻ അംഗല മെർക്കലിന്റെ പിൻഗാമിയായി ആര് എന്ന ചോദ്യത്തിന് ഇപ്പോഴും ക്രിസ്റ്റ്യൻ ഡെമോക്രാറ്റിക് യൂണിയനോ ക്രിസ്റ്റ്യൻ സോഷ്യലിസ്റ്റ് യൂണിയനോ ഒൗദ്യോഗികമായി ഉത്തരം നൽകിയിട്ടില്ല. എന്നാൽ, സൂചനകൾ ഇപ്പോൾ ശക്തമായി നീളുന്നത് ബവേറിയൻ മുഖ്യമന്ത്രി മാർക്കൂസ് സോഡറുടെ പേരിലേക്കാണ്.
സമീപകാലത്തു നടന്ന സർവേകളിലെല്ലാം സിഡിയു സിഎസ്യു പാർട്ടി പ്രവർത്തകരുടെയും ജർമൻ ജനതയുടെയും ഭൂരിപക്ഷ പിന്തുണ സോഡർക്കാണ്. കൊറോണ പ്രതിസന്ധി നേരിടുന്നതിൽ അദ്ദേഹം നൽകിയ ഫലപ്രദമായ നേതൃത്വമാണ് ജനപ്രീതി കുത്തനെ ഉയർത്തിയിരിക്കുന്നത്.
ചാൻസലർ സ്ഥാനത്തേക്ക് മത്സരിക്കാൻ സോഡർ ഇതുവരെ പരസ്യമായി താൽപര്യമൊന്നും അറിയിച്ചിട്ടില്ല. പാർട്ടി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞെങ്കിലും അംഗല മെർക്കലിന്റെ താൽപര്യത്തിന് ഇക്കാര്യത്തിൽ നിർണായക പ്രാധാന്യമുണ്ട്. അവരുടെ താൽപര്യവും ഇപ്പോൾ സോഡർക്ക് അനുകൂലമെന്നാണ് സൂചന.
സിഡിയുവിന്റെ സഹോദര സംഘടന മാത്രമായ സിഎസ്യുവിന്റെ പ്രതിനിധിയാണ് സോഡർ. എന്നാൽ ചാൻസലർ സ്ഥാനാർഥിയാകാൻ ഇതൊരു തടസമാകില്ലെന്ന പരോക്ഷ സൂചനകളാണ് മെർക്കൽ നൽകിയിട്ടുള്ളത്. ബവേറിയൻ സന്ദർശനത്തിൽ സോഡറോട് അവർ പ്രകടിപ്പിച്ച പ്രത്യേക വാത്സല്യം രാഷ്ട്രീയ നിരീക്ഷകർ എടുത്തു കാട്ടുന്നു.
ഇപ്പോഴത്തെ പ്രതിരോധ മന്ത്രി അന്നഗ്രെറ്റ് ക്രാന്പ് കാറൻബൗവറെയാണ് മെർക്കൽ ആദ്യം തന്റെ പിൻഗാമിയായി ഉയർത്തിക്കാട്ടിയിരുന്നത്. പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് അന്നഗ്രെറ്റിനെ കൊണ്ടുവരുന്നതും അതേ ലക്ഷ്യത്തോടെയായിരുന്നു.
എന്നാൽ, ഇരുവരും തമ്മിൽ പിന്നീട് അകലുകയും ഉത്തരവാദിത്വഭാരം ചൂണ്ടിക്കാട്ടി അന്നഗ്രെറ്റ് പാർട്ടി അധ്യക്ഷ സ്ഥാനം തന്നെ രാജിവയ്ക്കുകയും ചെയ്തിരുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ജർമനിയുടെ അടുത്ത ചാൻസലർ സ്ഥാനത്തേക്ക് മെർക്കലിന്റെ പിന്തുണ സോഡർക്ക്
11:53 PM Jul 15, 2020 | Deepika.com