മിലാൻ: രാഷ്ട്രീയത്തിൽ മഞ്ഞുരുകലൊക്കെ പതിവാണ്. എന്നാൽ, ആൽപ്സിലെ ഒരു മഞ്ഞുരുകൽ വെളിച്ചത്ത് കൊണ്ടുവന്നത് ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ സുപ്രധാനമായ ഒരേട്.
ഫ്രഞ്ച് ആൽപ്സിലെ മോണ്ട് ബ്ലാങ്ക് പർവതനിരയിൽ നിന്നു കിട്ടിയ പഴയ പത്രങ്ങളിലൊന്ന് ഇന്ദിരഗാന്ധി ഇന്ത്യൻ പ്രധാനമന്ത്രിയാകാൻ പോകുന്നതിനെക്കുറിച്ചുള്ള തലക്കെട്ടാണ്. 1966ലേതാണ് പത്രം.
1966 ജനുവരി 24ന് ഈ പർവതനിരയ്ക്ക് സമീപം അപകടത്തിൽപ്പെട്ട എയർ ഇന്ത്യയുടെ ബോയിംഗ് 707 വിമാനം ’കാഞ്ചൻഗംഗ’യിൽ ഉണ്ടായിരുന്ന നാഷണൽ ഹെറാൾഡ് പത്രങ്ങളാണിതെന്നാണ് കരുതപ്പെടുന്നത്. ചമോണിക്സ് സ്കിയിംഗ് ഹബ്ബിന് സമീപം കഫേ നടത്തുന്ന തിമോത്തീ മോട്ടിൻ എന്ന 33കാരനാണ് നാഷണൽ ഹെറാൾഡ്, ദി സ്റ്റേറ്റ്്സ്മാൻ, ദി ഹിന്ദു എന്നീ പത്രങ്ങളുടെ കോപ്പികൾ ഇവിടെ നിന്ന് കണ്ടെത്തിയത്.
’54 വർഷത്തോളം മഞ്ഞ് മൂടിക്കിടന്ന പത്രങ്ങൾ ലഭിച്ചതിൽ ഞാൻ ഭാഗ്യവാനാണ്. കണ്ടെടുത്ത പത്രങ്ങൾ നല്ല അവസ്ഥയിലാണ്. അവ ഇപ്പോഴും വായിക്കാവുന്ന രൂപത്തിലാണുള്ളത്’ തിമോത്തി പറയുന്നു. കിട്ടിയപ്പോൾ അൽപം നനഞ്ഞിരുന്ന പത്രങ്ങൾ ഉണക്കിയെടുത്ത് തിമോത്തി കഫേയിൽ പ്രദർശിപ്പിച്ചിരിക്കുകയാണ്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ആൽപ്സിലെ മഞ്ഞുരുകിയപ്പോൾ കിട്ടിയത് ഇന്ദിര ഗാന്ധിയെക്കുറിച്ചുള്ള പത്രത്തലക്കെട്ട്
10:41 PM Jul 14, 2020 | Deepika.com