+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മൃതദേഹാവശിഷ്ടങ്ങൾ കാണാതായ ഫോർട്ട് ഹുഡ് സൈനിക വനേസ ഗില്ലന്‍റേതുതന്നെ

ഫോർട്ട് ഹുഡ്, ടെക്സസ്: കാണാതായ ഫോർട്ട് ഹുഡ് സൈനിക വനേസ ഗില്ലന്‍റെ മൃതദേഹാവശിഷ്ടങ്ങൾ തിരിച്ചറിഞ്ഞതായി ഞായറാഴ്ച കുടുംബത്തിന്‍റെ അഭിഭാഷകൻ നതാലി ഖവം പറഞ്ഞു. ഏപ്രിൽ മുതൽ കാണാതായ വനേസ ഗില്ലനെ, കാലു
മൃതദേഹാവശിഷ്ടങ്ങൾ കാണാതായ ഫോർട്ട് ഹുഡ് സൈനിക വനേസ ഗില്ലന്‍റേതുതന്നെ
ഫോർട്ട് ഹുഡ്, ടെക്സസ്: കാണാതായ ഫോർട്ട് ഹുഡ് സൈനിക വനേസ ഗില്ലന്‍റെ മൃതദേഹാവശിഷ്ടങ്ങൾ തിരിച്ചറിഞ്ഞതായി ഞായറാഴ്ച കുടുംബത്തിന്‍റെ അഭിഭാഷകൻ നതാലി ഖവം പറഞ്ഞു.

ഏപ്രിൽ മുതൽ കാണാതായ വനേസ ഗില്ലനെ, കാലുമെറ്റ് സിറ്റിയിൽ നിന്നുള്ള 20 കാരനായ സൈനികൻ ആരോൺ ഡേവിഡ് റോബിൻസനാണ് കൊലപ്പെടുത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. ആരോൺ പോലീസ് ചോദ്യം ചെയ്യലിനിടയിൽ സ്വയം വെടിവച്ചു ജീവനൊടുക്കുകയും ചെയ്തു.

20 കാരിയായ വനേസ ഗില്ലനെ ചുറ്റിക കൊണ്ട് റോബിൻസൺ മർദ്ദിക്കുകയും മരിച്ചു എന്നുറപ്പുവരുത്തിയ ശേഷം മൃതദേഹം മഴു ഉപയോഗിച്ച് വെട്ടിമുറിച്ച് ചിലതു കത്തിക്കുകയും മറ്റുള്ളവ കാടുകളിൽ പലസ്ഥലത്തായി കുഴിച്ചിടുകയും ചെയ്തതായാണ് പട്ടാളത്തിന്‍റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം അറിയിച്ചത്.

ഗില്ലന്‍റെ മൃതദേഹം മറവു ചെയ്യാൻ റോബിൻസനെ സഹായിച്ചതായി സംശയിക്കുന്ന ഒരു സിവിലിയൻ അറസ്റ്റിലാണെന്ന് പോലീസ് പറഞ്ഞു. 22 കാരിയായ സിസിലി അഗ്യുലറിനെതിരെ തെളിവുകൾ നശിപ്പിച്ചതിനും ഗൂഢാലോചന നടത്തിയതിനും കുറ്റം ചുമത്തിയിട്ടുണ്ട്.

ഏപ്രിൽ 22 ന് താൻ ഡ്യൂട്ടിയിലുണ്ടായിരുന്ന അതേ ദിവസം തന്നെ ഒരു ആയുധവുമായി ഗില്ലന്‍റെ തലയിൽ പലതവണ അടിച്ചാണ് കൊലപ്പെടുത്തിയതെന്നു റോബിൻസൺ തന്നോട് പറഞ്ഞതായി അഗ്യുലർ സമ്മതിച്ചു.പ്രതിയെ ഇന്നുകോടതിയിൽ ഹാജരാക്കും. കുറ്റം തെളിയിക്കപ്പെട്ടാൽ അഗ്യുലറിന് 20 വർഷം വരെ തടവും പരമാവധി 250,000 ഡോളർ പിഴയുമാണ് ലഭിക്കുക. അഗ്യുലർ ഇപ്പോൾ ബെൽ കൗണ്ടി ജയിലിലാണ്.

അതേസമയം വനേസ ഗില്ലന് നീതി ആവശ്യപ്പെട്ട് ആയിരകണക്കിനാളുകൾ ജൂലൈ നാലിന് ഹൂസ്റ്റണിലെ സിറ്റി ഹാളിലേക്ക് മാർച്ച് നടത്തിയിരുന്നു.

റിപ്പോർട്ട്: അജു വാരിക്കാട്