+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കല കുവൈറ്റ് അവധിക്കാല മലയാളം ക്ലാസുകൾ ജൂലൈ ആദ്യവാരം

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് കഴിഞ്ഞ 29 വർഷമായി നടത്തി വരുന്ന സാംസ്കാരിക ദൗത്യമായ സൗജന്യ മാതൃഭാഷാ പഠന പദ്ധതിയുടെ ഈ വർഷത്തെ ക്ലാസുകൾ ജൂലൈ ആദ്യ വാരം ആരംഭിക്കുന്നു. കഴ
കല കുവൈറ്റ് അവധിക്കാല മലയാളം ക്ലാസുകൾ ജൂലൈ ആദ്യവാരം
കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് കഴിഞ്ഞ 29 വർഷമായി നടത്തി വരുന്ന സാംസ്കാരിക ദൗത്യമായ സൗജന്യ മാതൃഭാഷാ പഠന പദ്ധതിയുടെ ഈ വർഷത്തെ ക്ലാസുകൾ ജൂലൈ ആദ്യ വാരം ആരംഭിക്കുന്നു.

കഴിഞ്ഞ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി, കോവിഡിന്‍റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ ക്ലാസുകൾ ഓൺ‌ലൈനായാണ് സംഘടിപ്പിക്കുന്നത്. ഒന്നു മുതൽ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് മലയാളം ക്ലാസുകളിൽ റജിസ്റ്റർ ചെയ്യാവുന്നതാണ്. കഴിഞ്ഞ രണ്ട് വർഷമായി കേരള സർക്കാരിനു കീഴിലുള്ള മലയാളം മിഷനുമായി ചേർന്നാണ് കലയുടെ മാതൃഭാഷാ പഠന പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നത്.

‘എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം’ എന്ന ലക്ഷ്യത്തോടെ കേരള സർക്കാരിന്‍റെ കീഴിലുള്ള മലയാളം മിഷൻ രൂപം നൽകിയിട്ടുള്ള സിലബസിനെ അടിസ്ഥാനമാക്കിയാണ് നിലവിൽ കല കുവൈറ്റിന്‍റെ മലയാളം ക്ലാസുകൾ. മലയാളം മിഷന്‍റെ കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ എന്നീ മൂന്ന് കോഴ്സുകളിലാണ് അവധിക്കാല ക്ലാസുകൾ നടക്കുക. ഇതിനായി മലയാളം മിഷന്‍റെ സഹകരണത്തോടെ അധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകിയാണ് ക്ലാസുകൾ ഒരുക്കുന്നത്.

ക്ലാസുകളുടെ സുഗമമായ നടത്തിപ്പിനായി വിനോദ് കെ ജോൺ ജനറൽ കണ്‍വീനറും നോബി ആന്‍റണി, പ്രജോഷ് എന്നിവർ കണ്‍വീനറുമായുള്ള മാതൃഭാഷ സമിതിക്ക് രൂപം നൽ‌കിയിട്ടുണ്ട്. എ.കെ. ബിജു (അബാസിയ), രഞ്ജിത്ത് (അബുഹലീഫ), സജീവ് മാന്താനം (ഫഹാഹീൽ), ശരത് (സാൽമിയ) എന്നിവർ നാലു മേഖലകളിലേയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.

പഠന പദ്ധതിയിൽ ചേരുവാൻ താല്പര്യമുള്ള വിദ്യാർഥികൾ www.kalakuwait.com/malayalam-reg എന്ന ലിങ്ക് വഴി പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്.

തുടർ വിദ്യാഭ്യാസത്തിനും മറ്റുമായി നാട്ടിലേക്ക് മടങ്ങേണ്ടി വരുന്ന കുട്ടികൾക്ക് ഭാവിയിൽ ഇത് ഏറെ പ്രയോജനപ്രദമായിരിക്കുമെന്നും നമ്മുടെ കുട്ടികളെ മലയാളത്തോട് അടുപ്പിക്കുന്നതിനായുള്ള ഈ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുന്നതിന് ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും മാതൃഭാഷ സമിതി ജനറൽ കണ്‍വീനർ വിനോദ് കെ. ജോൺ പൊതുസമൂഹത്തോട് അഭ്യർഥിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ