+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മിഷിഗണ്‍ മലയാളി ലിറ്റററി അസോസിയേഷന്‍ അനുശോചിച്ചു

മിഷിഗണ്‍: സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെ മുന്‍നിര നേതാവും മലയാള സാഹിത്യരംഗത്തെ അതുല്യ പ്രതിഭയുമായ മുന്‍ കേന്ദ്രമന്ത്രി എം.പി. വീരേന്ദ്രകുമാറിന്‍റെ നിര്യാണത്തില്‍ മിഷിഗണ്‍ മലയാളി ലിറ്റററി അസോസിയേഷന്‍ അന
മിഷിഗണ്‍ മലയാളി ലിറ്റററി അസോസിയേഷന്‍ അനുശോചിച്ചു
മിഷിഗണ്‍: സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെ മുന്‍നിര നേതാവും മലയാള സാഹിത്യരംഗത്തെ അതുല്യ പ്രതിഭയുമായ മുന്‍ കേന്ദ്രമന്ത്രി എം.പി. വീരേന്ദ്രകുമാറിന്‍റെ നിര്യാണത്തില്‍ മിഷിഗണ്‍ മലയാളി ലിറ്റററി അസോസിയേഷന്‍ അനുശോചിച്ചു.

ഇന്ത്യയുടെ രാഷ്ട്രീയ രംഗത്ത് സോഷ്യലിസ്റ്റ് സമദര്‍ശനത്തിനായി ജീവിതാവസാനം വരെ സന്ധിയില്ലാത്ത നിലപാടുകള്‍ സ്വീകരിച്ച അദ്ദേഹം അനേകം വൈജ്ഞാനിക ഗ്രന്ഥാവലികളുടെ കര്‍ത്താവും കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം ഉള്‍പ്പെടെ അസംഖ്യം അംഗീകാരങ്ങള്‍ നേടിയ പ്രതിഭാ ധനനുമായിരുന്നു. ഭാരതത്തിന്റെ സമ്പന്നവും വൈവിധ്യവുമായ സാംസ്കാരികതയെ അടുത്തറിയുവാന്‍ ഇന്ദ്രപ്രസ്ഥം മുതല്‍ ഹിമാലയ സാനുക്കള്‍ വരെ തീര്‍ഥയാത്ര നടത്തി ഹരിദ്വാറിനേയും ഭതൃഹരിയേയും കേദാര്‍നാഥിനെയും വരരുചിയേയും ഹൈമവതഭൂവില്‍ എന്ന രചനയിലൂടെ മഹനീയമായി മലയാളികള്‍ക്കായി വരച്ചുകാട്ടിയ വീരേന്ദ്രകുമാര്‍, ആമസോണ്‍ ജീവിതവും, ഡാന്യൂബ് കാഴ്ചകളും നേരിട്ട് അനുഭവിച്ചു പുസ്തകങ്ങളിലൂടെ വായനക്കാര്‍ക്ക് നിറഞ്ഞ അനുഭൂതികള്‍ പകര്‍ന്ന മഹാ പ്രതിഭയായിരുന്നു.

അന്‍പതിലേറെ രാജ്യങ്ങള്‍ സഞ്ചരിച്ചു അവിടത്തെ മനുഷ്യരുടെ ജീവിതവും സംസ്കാരവും അടുത്തറിയാന്‍ ശ്രമിച്ച അദ്ദേഹം, തന്‍റെ അമേരിക്കന്‍ സഞ്ചാരങ്ങള്‍ക്കിടയില്‍ ഡിട്രോയിറ്റില്‍ വളരെക്കുറച്ചു സാഹിത്യാസ്വാദകര്‍ ചേര്‍ന്ന് രൂപംകൊടുത്തു അധികം നാളുകള്‍ പിന്നിടാത്ത മിലന്‍റെ വാര്ഷികാഘോഷത്തില്‍ പങ്കെടുത്തു നടത്തിയ പ്രഭാഷണവും പ്രോത്സാഹനവും മിഷിഗണ്‍ മലയാളികള്‍ രണ്ടു പതിറ്റാണ്ടിനുശേഷവും ഇന്നും മനസില്‍ മായാതെ സൂക്ഷിക്കുന്നു.

ആശയങ്ങളുടെ ധവളകാന്തി കൊണ്ടും ആവിഷ്കാരത്തിന്‍റെ ആകര്‍ഷകത്വം കൊണ്ടും വ്യത്യസ്തനായ വീരേന്ദ്രകുമാര്‍ തന്റെ അടിയുറച്ച മാനവീകതയിലൂടെയും ആധ്യാത്മികബോധത്തിലൂടെയും സ്വാമി വിവേകാനന്ദനെ കണ്ടെത്താന്‍ ശ്രമിക്കുന്നതാണ് അദ്ദേഹത്തിന്‍റെ വിവേകാനന്ദന്‍ സന്യാസിയും മനുഷ്യനും എന്ന മികച്ച ആഖ്യായിക ഗ്രന്ഥം. അതെന്നും അദ്ദേഹത്തിന്‍റെ ഒരു മാസ്റ്റര്‍പീസായി നിലനില്‍ക്കുകയും ചെയ്യും.

പറഞ്ഞാല്‍ തീരാത്ത പലവിധ വിജ്ഞാന ശാഖകലെ നിരന്തര നിരീക്ഷണങ്ങളിലൂടെ നിരൂപണ വിധേയമാക്കിയ വീരേന്ദ്രകുമാര്‍, അമേരിക്കയിലെ ഭാഷാസ്‌നേഹികളുടെ അടുത്ത സുഹൃത്തും മാര്‍ഗദര്‍ശിയുമായിരുന്നു. അദ്ദേഹത്തിന്‍റെ വേര്‍പാട് മലയാള സാഹിത്യ ശാഖക്ക് തീരാനഷ്ടമാണെന്നു അനുശോചന സന്ദേശത്തിൽ പ്രസിഡന്‍റ് സുരേന്ദ്രന്‍ നായര്‍ വ്യക്തമാക്കി.

റിപ്പോർട്ട്: ജോയിച്ചന്‍ പുതുക്കുളം