+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചാർട്ടർ വിമാന സർവീസിന് സാധ്യത തെളിയുന്നു

അബുദാബി : ഗൾഫിലെ പ്രവാസി സംഘടനകൾ ഏറെ നാളായി ആവശ്യപ്പെട്ടിരുന്ന ചാർട്ടർ വിമാന സർവീസിന് സാഹചര്യം ഒരുങ്ങുന്നു . കേന്ദ്ര വ്യോമയാന മന്ത്രാലയം ഇതു സംബന്ധിച്ചുള്ള അംഗീകൃത പ്രവർത്തന മാനദണ്ഡങ്ങൾ പുറപ്പെടുവിച
ചാർട്ടർ വിമാന സർവീസിന്  സാധ്യത തെളിയുന്നു
അബുദാബി : ഗൾഫിലെ പ്രവാസി സംഘടനകൾ ഏറെ നാളായി ആവശ്യപ്പെട്ടിരുന്ന ചാർട്ടർ വിമാന സർവീസിന് സാഹചര്യം ഒരുങ്ങുന്നു . കേന്ദ്ര വ്യോമയാന മന്ത്രാലയം ഇതു സംബന്ധിച്ചുള്ള അംഗീകൃത പ്രവർത്തന മാനദണ്ഡങ്ങൾ പുറപ്പെടുവിച്ചു . കോവിഡ് വ്യാപന പശ്ചാത്തലത്തിൽ മറുരാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യൻ പൗരന്മാരെ നാട്ടിലേക്കു മടക്കികൊണ്ടുവരുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് മാനദണ്ഡങ്ങൾ നിശ്ചയിച്ച് പ്രസിദ്ധീകരിച്ചത് .

ഇതനുസരിച്ച് അതാത് രാജ്യങ്ങളിലെ ഇന്ത്യൻ സ്ഥാനപതികാര്യങ്ങളിൽ രജിസ്റ്റർ ചെയ്ത വ്യക്തികളെ മാത്രമേ ഇത്തരം വിമാനങ്ങളിൽ യാത്ര ചെയ്യുന്നതിന് അനുവദിക്കൂ .വിമാനം പുറപ്പെടുന്നതിന് നാലു ദിവസം മുൻപേ ചാർട്ടർ വിമാനത്തിന്‍റെ വിശദ വിവരങ്ങളും യാത്രക്കാരുടെ പൂർണ വിവരങ്ങളും ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിൽ വിമാനകമ്പനിയോ അവരുടെ ഏജന്‍റുമാരോ സമർപ്പിച്ച് നോ ഒബ്ജെക്ഷൻ സർട്ടിഫിക്കറ്റ് നേടിയിരിക്കണം . എന്നാൽ യാത്രക്കാരെ കണ്ടെത്തുന്നത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടില്ല .

ഏതു സംസ്ഥാനങ്ങളിലേക്കാണോ വിമാനം എത്തുന്നത് അതാതു സംസ്ഥാന സർക്കാരുകളുടെയും വിമാനത്താവള അധികൃതരുടെയും അനുമതികൾ വാങ്ങേണ്ട ചുമതലയും വിമാനകമ്പനികളുടേതാണ് . വിദേശകാര്യമന്ത്രാലയത്തിലൂടെയോ സ്ഥാനപതി കാര്യാലയത്തിലൂടെയോ അനുമതികൾക്കു അപേക്ഷിക്കാം.

കെഎംസിസി , ഷാർജ ഇന്ത്യൻ അസോസിയേഷൻ ,ഇൻകാസ് തുടങ്ങിയ പ്രവാസി സംഘടനകളും ചില വ്യാപാര സ്ഥാപനങ്ങളും ചാർട്ടർ വിമാന സർവീസ് നടത്തുന്നതിന് അനുമതി തേടി കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തിയിരുന്നു . എന്നാൽ സ്ഥാനപതി കാര്യാലയങ്ങളിലൂടെ മാത്രമേ യാത്രക്കാരെ തിരഞ്ഞെടുക്കനാവൂ എന്ന വ്യവസ്ഥ ഇത്തരം സർവീസുകൾക്ക് പ്രതിബന്ധമാകുമെന്നു കരുതപ്പെടുന്നു.

യു എ ഇ യിൽ നിന്നും ചാർട്ടർ വിമാന സർവീസ് ആരംഭിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ച് പല ട്രാവൽ ഏജൻസികളും മുൻപോട്ടു വന്നെങ്കിലും അത്തരം പരസ്യങ്ങളിൽ വിശ്വസിച്ച് ടിക്കറ്റിനുള്ള തുക നൽകരുതെന്ന് ദുബായ് കോൺസുലേറ്റ് മുന്നറിയിപ്പു നൽകിയിരുന്നു . അന്ന് ട്രാവൽ ഏജൻസികൾ 1800 ദിർഹം വരെയാണ് നാട്ടിലേക്ക് നിരക്ക് നിശ്ചയിച്ചിരുന്നത് .

സർക്കാർ അനുമതിയോടെ ചാർട്ടർ വിമാനങ്ങൾ തുടങ്ങിയാലും നിരക്ക് 1200 ദിർഹം മുതൽ മുകളിലോട്ട് ആയിരിക്കുമെന്നാണ് കരുതപ്പെടുന്നത് .

നിരക്ക് കൂടുതലായാലും എത്രയും പെട്ടന്ന് നാട്ടിലെത്താൻ ശ്രമിക്കുന്ന പ്രവാസികൾക്ക് ചാർട്ടർ വിമാന സർവീസ് ആശ്വാസം പകരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത് .

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള