+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വന്ദേ ഭാരത് മിഷൻ: സൗദിയിൽ നിന്ന് ഇന്ത്യയിലേക്ക് 13 വിമാന സർവീസ് കൂടി പ്രഖ്യാപിച്ചു

റിയാദ്: വന്ദേ ഭാരത് മിഷന്‍റെ ഭാഗമായി മേയ് 29 മുതൽ സൗദി അറേബ്യയിൽ നിന്നും ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് 13 വിമാന സർവീസുകൂടി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. മേയ് 31 നു റിയാദിൽ നിന്നും തിരുവനന
വന്ദേ ഭാരത് മിഷൻ: സൗദിയിൽ നിന്ന് ഇന്ത്യയിലേക്ക് 13 വിമാന സർവീസ് കൂടി പ്രഖ്യാപിച്ചു
റിയാദ്: വന്ദേ ഭാരത് മിഷന്‍റെ ഭാഗമായി മേയ് 29 മുതൽ സൗദി അറേബ്യയിൽ നിന്നും ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് 13 വിമാന സർവീസുകൂടി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. മേയ് 31 നു റിയാദിൽ നിന്നും തിരുവനന്തപുരത്തേക്ക് എഐ 928 എയർ ഇന്ത്യ വിമാനം നേരത്തെ ഷെഡ്യൂൾ ചെയ്തിരുന്നു. ഉച്ചക്ക് 1.30 നു യാത്ര തിരിക്കുന്ന ഈ വിമാനത്തിനുള്ള ടിക്കറ്റുകൾ എയർ ഇന്ത്യ വിറ്റു തീരാറായി.

പുതിയ ഷെഡ്യൂൾ പ്രകാരം മേയ് 29 നും 30 നും ജിദ്ദയിൽ നിന്നും കോഴിക്കോട്ടേക്ക് ഉള്ള രണ്ടു വിമാനങ്ങളാണ് കേരളത്തിലേക്കുള്ളത്. ഇത് രണ്ടും വലിയ വിമാനങ്ങളാണ്. 29 നു തന്നെ റിയാദിൽ നിന്നും ശ്രീനഗറിലേക്കും ഒരു വിമാനമുണ്ടായിരിക്കും. മേയ് 31 നു ദമാമിൽ നിന്നും ശ്രീനഗറിലേക്ക് ഒരു വിമാനമുണ്ട്. റിയാദിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാനത്തിനു പുറമെ 31 നു ഹൈദരാബാദിലേക്കും ഒരു വിമാനമുണ്ടായിരിക്കും.

ജൂൺ ഒന്നിനു റിയാദിൽ നിന്നും ലക്‌നൗവിലേക്കും ദമാമിൽ നിന്നും ഡൽഹി വഴി ബിഹാറിലെ ഗയ വിമാനത്താവളത്തിലേക്കും സർവീസുണ്ടാകും. ഡൽഹി വഴി ഗയയിലേക്ക് ജൂൺ 2 നു ജിദ്ദയിൽ നിന്നും എയർ ഇന്ത്യ വിമാനമുണ്ട്. ജൂൺ നാലിന് സൗദിയിലെ ദമാം, ജിദ്ദ, റിയാദ് വിമാനത്താവളങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് സർവീസുണ്ട്. ജിദ്ദ - ശ്രീനഗർ, റിയാദ് - ചെന്നൈ, ദമാം - കോൽക്കത്ത എന്നിവയാണ് അവ. ജൂൺ അഞ്ചിന് ദമാമിൽ നിന്നും ചെന്നൈയിലേക്കും ജൂൺ ആറിന് ജിദ്ദയിൽ നിന്നും ചെന്നൈയിലേക്കുമാണ് അവസാനത്തെ രണ്ടു സർവീസുകൾ.

ഇന്ത്യയിലേക്ക് സൗദിയിൽ നിന്നും വന്ദേ ഭാരത് മിഷന്‍റെ ഭാഗമായി ഇതുവരെ 11 വിമാനങ്ങളാണ് സർവീസ് നടത്തിയിരിക്കുന്നത്. ഇതുവഴി രണ്ടായിരത്തിനു താഴെ ആളുകളെ മാത്രമാണ് നാട്ടിലെത്തിക്കാനായിട്ടുള്ളത്. എന്നാൽ എഴുപത്തിനായിരത്തോളം പ്രവാസികളാണ് സൗദിയിലെ ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. രോഗികളും ഗർഭിണികളും വീസ കാലാവധി കഴിഞ്ഞ സന്ദർശക വീസയിലുള്ളവരും പ്രായം കൂടിയവരുമായ ആളുകളെയാണ് മുൻഗണനാ ക്രമത്തിൽ ഇന്ത്യൻ എംബസി വിളിക്കുന്നത്. വളരെ മന്ദഗതിയിൽ നടക്കുന്ന ഈ ഓപ്പറേഷൻ പ്രകാരം ആളുകളെ നാട്ടിലെത്തിക്കാൻ കുറെ സമയമെടുക്കും.

പുതിയ കണക്കുകൾ പ്രകാരം സൗദിയിലെ പ്രവാസികൾക്കിടയിൽ കോവിഡ് ബാധയുടെ അനുപാതം സ്വദേശികളെ അപേക്ഷിച്ചു വളരെ കൂടുതലാണ്. 66 ശതമാനം വിദേശികൾക്ക് പുതുതായി കോവിഡ് ബാധിക്കുമ്പോൾ അതിൽ ഇന്ത്യക്കാരുടെ എണ്ണവും വളരെ കൂടുതലാണ്. സൗദി അറേബ്യയിലെ നോർക്ക ഹെല്പ് ഡെസ്ക്കിലേക്കും വിവിധ സംഘടനകളുടെ ഹെൽപ്പ് ഡെസ്ക്കിലേക്കും സഹായഭ്യർഥനയുമായി വരുന്ന കോവിഡ് പോസിറ്റീവ് രോഗികളുടെ ഫോൺ വിളികൾ ദിനേന കൂടി വരികയാണ്. ഇനിയും കേരളത്തിലേക്കടക്കം ധാരാളം വിമാനങ്ങൾ സർവീസ് നടത്തിയാൽ മാത്രമേ അടിയന്തര പ്രാധാന്യമുള്ളവരെ പോലും നാട്ടിലെത്തിക്കാൻ സാധിക്കുകയുള്ളു എന്നാണ് സാമൂഹ്യ പ്രവർത്തകർ അഭിപ്രായപ്പെടുന്നത്.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ