+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആശങ്കകൾക്ക് കാര്യമില്ല, ഗൾഫ് രാജ്യങ്ങൾ ശക്തമായി തിരിച്ചെത്തും: എം.എ. യൂസഫലി

അബുദാബി : കുവൈറ്റ് യുദ്ധമുൾപ്പെടെയുള്ള പ്രതിസന്ധി ഘട്ടങ്ങളെ കരുത്തോടെ അതിജീവിച്ച ജി സി സി രാജ്യങ്ങൾ അതിലും ശക്തമായി തിരിച്ചു വരുമെന്ന് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലി . യു
ആശങ്കകൾക്ക് കാര്യമില്ല, ഗൾഫ് രാജ്യങ്ങൾ ശക്തമായി തിരിച്ചെത്തും: എം.എ. യൂസഫലി
അബുദാബി : കുവൈറ്റ് യുദ്ധമുൾപ്പെടെയുള്ള പ്രതിസന്ധി ഘട്ടങ്ങളെ കരുത്തോടെ അതിജീവിച്ച ജി സി സി രാജ്യങ്ങൾ അതിലും ശക്തമായി തിരിച്ചു വരുമെന്ന് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലി . യുഎ ഇ യിലെ മാധ്യമപ്രവർത്തകരുമായി സൂം സാങ്കേതിക മാധ്യമത്തിലൂടെ നടത്തിയ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികൾ എല്ലാ മേഖലകളിലുമുണ്ട് . എണ്ണയുടെ വിലയിടിവ് ഉൾപ്പെടെയുള്ള പ്രതിസന്ധികൾ ഇതിനു മുൻപും ഗൾഫ് രാജ്യങ്ങൾ നേരിട്ടിട്ടുണ്ട് . ഗൾഫിന്‍റെ സുവർണകാലം അസ്തമിച്ചെന്നു കരുതി അന്നും ആളുകൾ പലായനം നടത്തിയിട്ടുണ്ട്. പക്ഷെ ദീർഘവീക്ഷണമുള്ള ഭരണാധികാരികളുടെ കരുത്തുറ്റ നേതൃത്വത്തിലൂടെ ലോക രാജ്യങ്ങളുടെ മുൻനിരയിലേക്ക് വളർന്നു വന്ന ചരിത്രമാണ് ഗൾഫ് നാടുകൾക്കുള്ളതെന്ന് നാം വിസ്മരിക്കരുത് -യൂസഫലി പറഞ്ഞു .

കോവിഡിന് പ്രതിവിധി കണ്ടുപിടിക്കുംവരെ മനുഷ്യർ സുരക്ഷിതരല്ല. എന്നാൽ ഇത്തരം പ്രതിസന്ധികളെ മറികടന്ന് ജീവിതം നയിക്കാൻ നമ്മൾ പ്രാപ്തരാകണം. അപ്രതീക്ഷിത സംഭവങ്ങളാണ് കോവിഡ് സമ്മാനിച്ചത്.ഏറ്റവുമധികം ജീവിതസൗകര്യങ്ങളുണ്ടെന്ന് നമ്മളെല്ലാം കരുതിയിരുന്ന യൂറോപ്പ് - അമേരിക്കൻ രാജ്യങ്ങൾ ആരോഗ്യരംഗത്തു പരാജയപ്പെട്ടു .മരണങ്ങൾ ലക്ഷത്തിലേറെയായി എന്നത് ഞെട്ടിപ്പിക്കുന്നതാണെന്നും യുസഫലി പറഞ്ഞു.

പ്രവാസികളുടെ മടക്കം

ഗൾഫ് നാടുകളിലെ ഇന്ത്യക്കാരായ പ്രവാസികളിൽ 80 ശതമാനം വരുന്ന മലയാളികളിൽ കുറഞ്ഞൊരു ശതമാനം നാട്ടിലേക്കു മടങ്ങിയാലും കേരളം പ്രതിസന്ധിയിലാകും . ഇത്രയും വലിയ ഒരു വിഭാഗം ചെറുപ്പക്കാർ നമ്മുടെ സംസ്ഥാനത്തു നിന്നും മറുനാടുകളിലേക്കു പോകുന്നത് എന്തുകൊണ്ടെന്ന് കേരളത്തിലെ രാഷ്ട്രീയ പാർട്ടികളും മാധ്യമങ്ങളും ചർച്ചക്ക് വിഷയമാക്കണം. വിദ്യാഭ്യാസത്തിൽ മുന്പിൽ നിൽക്കുന്ന നമ്മുടെ നാട്ടിൽ എന്തുകൊണ്ട് തൊഴിൽ ഇല്ലാതാകുന്നു ? എത്ര നാൾ കേരളത്തിന് ഉപഭോഗ സംസ്ഥാനമായി നിലനിൽക്കാനാകും ? വിദേശ രാജ്യങ്ങളിൽ വിവിധ രംഗങ്ങളിൽ വിജയം കൊയ്ത മലയാളികൾ എന്തുകൊണ്ട് സംസ്ഥാനത്തു നിക്ഷേപം ഇറക്കുന്നില്ല ? കേരളത്തിലെ രാഷ്ട്രീയ - സാമ്പത്തിക - തൊഴിൽ മേഖലകളിൽ അടിയന്തര നടപടികൾ അനിവാര്യമായിരിക്കുന്നുവെന്ന മുന്നറിയിപ്പായി ഇന്നത്തെ ഈ തിരിച്ചു വരവിനെ കാണണം .ഇനിയും അലംഭാവം കാണിച്ചാൽ അതിനു ഭാവി തലമുറയോട് കേരളത്തിലെ രാഷ്ട്രീയ നേതൃത്വം മറുപടി പറയാൻ ബാധ്യസ്ഥരാണ് .

യു എ ഇ യിലെ ഭക്ഷ്യസംഭരണം

ഭക്ഷ്യധാന്യങ്ങളുടെ കരുതലിൽ യു എ ഇ യുടെ ഭരണാധികാരികൾ പുലർത്തുന്ന ദീർഘവീക്ഷണത്തെ യൂസഫലി അനുമോദിച്ചു . ഇപ്പോൾ അടുത്ത 9 മാസത്തേക്കുള്ള ശേഖരമുണ്ട് . ഏതാനം നാളുകൾക്കകം അത് 12 മാസത്തേക്കുള്ളതായി ഉയർത്താനാണ് സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത് .വരും ദിവസങ്ങളിൽ 12 ചാർട്ടർ വിമാനങ്ങളിൽ ഭക്ഷ്യോത്പന്നങ്ങൾ കൊണ്ടുവരാനും ലുലു ഗ്രൂപ്പ് തയാറെടുപ്പുകൾ പൂർത്തിയായിട്ടുണ്ട്.

ഇന്ത്യയിലേക്കുള്ള വിമാന സർവീസ്

ഇന്ത്യയിലേയ്ക്ക് കൂടുതൽ വിമാന സർവീസുകൾ ഏർപ്പെടുത്തുന്ന കാര്യത്തിൽ പ്രവാസികൾ ആഗ്രഹിക്കുന്ന വേഗത്തിൽ കാര്യങ്ങൾ നടത്തുന്നതിന് പരിമിതികളുണ്ട് .ഒരു വിമാനത്താവളത്തിൽ ഒരു ദിവസം കൈകാര്യം ചെയ്യാവുന്ന യാത്രക്കാരുടെ എണ്ണത്തിലെ പരിമിതി, ക്വാറന്‍റൈൻ ചെയ്യിക്കാനുള്ള സംവിധാനം ,ചികിത്സ എന്നിവയൊക്കെ പരിഗണിക്കണം. വിമാനയാത്രക്കുള്ള ടിക്കറ്റ് എടുക്കാൻ ചിലർ ബുദ്ധിമുട്ടുന്ന കാര്യം ശ്രദ്ധയിൽ പെട്ടിട്ടുണ്ട് .പക്ഷെ ഒരു ജീവനക്കാരനോ തൊഴിലാളിയോ നാട്ടിലേയ്ക്ക് മടങ്ങുമ്പോൾ അയാൾക്ക് വിമാന ടിക്കറ്റ് നൽകേണ്ടത് ആ കമ്പനിയുടെ കടമയാണെന്ന കാര്യം വിസ്മരിക്കാൻ പാടില്ല . എങ്കിലും പ്രയാസമനുഭവിക്കുന്നവർക്ക് വിമാന ടിക്കറ്റ് നൽകാനുള്ള ആവശ്യം അധികൃതർക്ക് മുൻപിൽ എത്തിക്കാമെന്ന് യൂസഫലി വാക്കു നൽകി .

പ്രവാസികൾക്ക് വേണ്ടി ചെയ്യുന്ന കാര്യങ്ങളിൽ നോർക്കയ്ക്ക് വളരെയേറെ പരിമിതിയുണ്ട്. ഗൾഫിൽ ദുരിതമനുഭവിക്കുന്നവർക്ക് വിമാന ടിക്കറ്റ് അടക്കമുള്ള സാമ്പത്തിക സഹായങ്ങൾ നൽ‍കുക എന്നത് പ്രായോഗികമല്ല .ഒരാളുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ആര് സാക്ഷ്യപത്രം നൽകും. മാത്രമല്ല അതിനുള്ള ഫണ്ട് നോർക്കയുടെ കൈവശമില്ല. എങ്കിലും പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് നോർക്ക നിരവധി കാര്യങ്ങൾ ഭംഗിയായി ചെയ്യുന്നുവെന്ന് നോർക്ക വൈസ് ചെയർമാൻ കൂടിയായ യൂസഫലി അറിയിച്ചു .

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള