ജര്‍മനി ലോക്ക്ഡൗണ്‍ പിന്‍വലിക്കില്ല

08:46 PM Apr 08, 2020 | Deepika.com
ബര്‍ലിന്‍: കൊറോണവൈറസ് ബാധയെത്തുടര്‍ന്ന് രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗണ്‍ കാലാവധി കഴിഞ്ഞാലും ജര്‍മന്‍ സര്‍ക്കാര്‍ ഒറ്റയടിക്ക് പിന്‍വലിക്കില്ല. ഘട്ടംഘട്ടമായി നിയന്ത്രണങ്ങള്‍ നീക്കുന്നതിനുള്ള പദ്ധതികളാണ് സര്‍ക്കാര്‍ തയാറാക്കിവരുന്നത്.

സമ്പൂര്‍ണ ലോക്ക്ഡൗണ്‍ അവസാനിക്കുന്നതോടെ പുറത്തിറങ്ങുന്നവര്‍ക്കെല്ലാം ഫെയ്സ് മാസ്ക് നിര്‍ബന്ധമാക്കും. കൂട്ടം കൂടുന്നതിനുള്ള നിയന്ത്രണം തുടരും. വിവിധ കടകളും റസ്റ്ററന്‍റുകളും കുറച്ചു നാള്‍ കൂടി അടഞ്ഞു തന്നെ കിടക്കും.

നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗണിന് ഏപ്രില്‍ 19 വരെയാണ് കാലാവധി. ഇതു ഫലപ്രദമായെന്നാണ് ആരോഗ്യ വകുപ്പിന്‍റെ വിലയിരുത്തല്‍. വൈറസിന്‍റെ വ്യാപനത്തിനു വേഗം കുറഞ്ഞിട്ടുണ്ട്.

ബുധനാഴ്ചത്തെ കണക്കനുസരിച്ച് രാജ്യത്ത് കൊറോണവൈറസ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തി ഒമ്പതിനായിരം പിന്നിട്ടു. മരണസംഖ്യ രണ്ടായിരവും കടന്നു.രോഗവിമുക്തമായവരുടെ എണ്ണം മുപ്പത്തിയാറായിരവും കവിഞ്ഞു.

കൊറോണ വൈറസ് നിയന്ത്രണങ്ങൾക്കിടയിൽ ജർമനിയിലുടനീളം ഉയർന്ന താപനില എത്തിയതിനാലും നല്ല കാലാവസ്ഥ ആയതിനാലും കൗമാരക്കാരും പ്രായമുള്ളവരും ഷോപ്പിംഗ് അല്ലെങ്കിൽ വ്യായാമം പോലുള്ള അവശ്യങ്ങൾക്കായി വീട് വിട്ട് ഇറങ്ങുന്നത് സർക്കാരിന് തലവേദന ആകുന്നുണ്ട്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ