+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോവിഡ് 19: സൗദിയിൽ ഇന്നു നാലു മരണം

റിയാദ്: കൊറോണ വൈറസ് ബാധ മൂലം സൗദിയിൽ ഇന്നു നാലു പേർ കൂടി മരിച്ചതോടെ ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 38 ആയി. 138 പേർക്ക് വിവിധ പ്രവിശ്യയിൽ രോഗം സ്ഥിരീകരിച്ചതോടെ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 2523 ആയി. 63
കോവിഡ് 19: സൗദിയിൽ ഇന്നു നാലു മരണം
റിയാദ്: കൊറോണ വൈറസ് ബാധ മൂലം സൗദിയിൽ ഇന്നു നാലു പേർ കൂടി മരിച്ചതോടെ ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 38 ആയി. 138 പേർക്ക് വിവിധ പ്രവിശ്യയിൽ രോഗം സ്ഥിരീകരിച്ചതോടെ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 2523 ആയി. 63 രോഗികൾ പുതുതായി രോഗമുക്തി നേടി. ഇതോടെ സൗദിയിൽ പൂർണമായും അസുഖത്തിൽ നിന്നും മോചിതരായവരുടെ എണ്ണം 551 ആയി. 1934 പേർ ഇപ്പോൾ കോവിഡ് പോസിറ്റീവ് ആയി രാജ്യത്ത് ചികിത്സയിലുള്ളതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

സാമൂഹ്യ വ്യാപനത്തിനു സാധ്യതയുള്ളതിനാൽ രാജ്യത്തെ മുഴുവൻ ആളുകളും വീടുകളിൽ തന്നെ കഴിയണമെന്ന് ആരോഗ്യ മന്ത്രാലയം ആവർത്തിച്ച് മുന്നറിയിപ്പു നൽകി. ലോക്ക് ഡൗൺ സമയത്തിൽ ഇളവുള്ള സമയത്തും വളരെ അത്യാവശ്യമുള്ളവർ മാത്രമേ പുറത്തിറങ്ങാൻ പാടുള്ളൂ. ഇപ്പോഴുള്ള പ്രവിശ്യയിൽ നിന്നും പുറത്തേക്ക് പോകാൻ മുൻകൂർ അനുമതി വാങ്ങിയിരിക്കണം.

വിവിധ രാജ്യങ്ങളിലെ യാത്രാവിലക്ക് കാരണം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിക്കിടക്കുന്ന സൗദി പൗരന്മാർക്ക് രാജ്യത്തേക്ക് തിരിച്ചെത്താൻ സഹായിക്കുന്ന പദ്ധതിക്ക് സൗദി ഭരണകൂടം രൂപം നൽകി.പ്രത്യേക വിമാനങ്ങളിലായിരിക്കും ഇവരെ തിരിച്ചെത്തിക്കുക. ഇതിനായി വിദേശങ്ങളിലുള്ള സൗദി പൗരന്മാർ അപേക്ഷ നൽകണം. വൈറസ് ബാധ തീവ്രമായി ബാധിച്ചിട്ടുള്ള രാജ്യങ്ങളിൽ അകപ്പെട്ടിട്ടുള്ളവർക്കായിരിക്കും മുൻഗണന. അതുപോലെ ഗർഭിണികൾക്കും രോഗികൾക്കും മുതിർന്ന പൗരന്മാർക്കും ആദ്യ പരിഗണന നൽകും. ഇവർ രാജ്യത്ത് തിരിച്ചെത്തിയാൽ 14 ദിവസത്തേക്ക് ഐസൊലേഷനിൽ കഴിയണം. ഇതിനായി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 11000 ഹോട്ടൽ മുറികൾ സജ്ജീകരിച്ചു കഴിഞ്ഞതായി ടൂറിസം മന്ത്രാലയം അറിയിച്ചു.

വിവിധ രാജ്യങ്ങളിൽ നിന്നും പൗരന്മാരെ കൊണ്ടു വരുന്നതിനായി വിമാനം ചാർട്ടർ ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി സൗദി വ്യോമയാന അതോറിറ്റിയും അറിയിച്ചു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ