ബർലിൻ: കോതമംഗലാ രൂപതാ വൈദികനും ജർമനിയിലെ വ്യുർസ്ബുർഗ് രൂപതയിലെ ബുർഗ്സ്ററാഡ്റ്റ് സെന്റ് മരിയൻ ഇടവകയിൽ സേവനം ചെയ്തിരുന്ന റവ.ഡോ.ജെയിംസ് കുരിയനാൽ (61) ഏപ്രിൽ 3 ന് രാവിലെ ബർലിനിലെ ആശുപത്രിയിൽ നിര്യാതനായി.
2019 ഒക്ടോബറിലുണ്ടായ സ്ട്രോക്കിനെ തുടർന്ന് കഴിഞ്ഞ ആറുമാസമായി ബർലിനിലെ ആശുപത്രിയിൽ ഫാ. ജയിംസ് ചികിത്സയിലായിരുന്നു. എന്നാൽ അടുത്തിടെ അദ്ദേഹത്തിന്റെ ആരോഗ്യനില ഏറെ വഷളാവുകയും ചെയ്തതിനെ തുടർന്ന് ഈ കാലയളവിൽ അദ്ദേഹത്തെ പരിപാലിച്ചു കൊണ്ടിരുന്ന റവ. ഫാ. ടോം മുളഞ്ഞനാനി വിസി വ്യാഴാഴ്ച വൈകുന്നേരം ഫാ. ജെയിംസിന് രോഗീലേപനം നൽകിയിരുന്നു. കൊറോണക്കാലമായതിനാൽ രാജ്യാന്തരതലത്തിൽ ലോക്ഡൗണ്‍ ആയിരിയ്ക്കുന്നതുകൊണ്ട് അച്ചന്റെ ഭൗതിക ശരീരം ബർലിനിൽ സൂക്ഷിച്ചിരിയ്ക്കയാണ്. മരണാനന്തരമുള്ള പ്രാർഥനകളും ശുശ്രൂഷകളും ഫാ.ടോമിന്റെ കാർമ്മികത്വത്തിൽ നടത്തി.
നിലവിലെ നിയന്ത്രണങ്ങൾ പൂർണ്ണമായി മാറിയതിനു ശേഷം ഫാ. ജെയിംസിന്റെ ഭൗതികാവശിഷ്ടം കോതമംഗലത്ത് സംസ്ക്കരിക്കുമെന്ന് കോതമംഗലം രൂപതാദ്ധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അറിയിച്ചു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
കോതമംഗലം രൂപതാ വൈദികൻ റവ. ഡോ. ജെയിംസ് കുരിയനാൽ ജർമനിയിൽ നിര്യാതനായി
02:16 AM Apr 04, 2020 | Deepika.com