+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോവിഡ് 19: യുഎസിൽ മരണം നാലായിരം കടന്നു; രോഗികളുടെ എണ്ണത്തിൽ വന്‍ വർധനവ്

ഹൂസ്റ്റണ്‍: അമേരിക്കയില്‍ കൊറോണ വൈറസ് മൂലം മരണപ്പെട്ടവരുടെ സംഖ്യ നാലായിരം കടന്നു. ഇന്നു പുലര്‍ച്ചെ വരെ 4059 പേരുടെ ജീവനാണ് കൊറോണ വൈറസ് അപഹരിച്ചത്. കോവിഡ് 19 ബാധിച്ച് ഇപ്പോള്‍ 4576 രോഗികള്‍ അത്യാസ
കോവിഡ് 19: യുഎസിൽ മരണം നാലായിരം കടന്നു; രോഗികളുടെ എണ്ണത്തിൽ വന്‍ വർധനവ്
ഹൂസ്റ്റണ്‍: അമേരിക്കയില്‍ കൊറോണ വൈറസ് മൂലം മരണപ്പെട്ടവരുടെ സംഖ്യ നാലായിരം കടന്നു. ഇന്നു പുലര്‍ച്ചെ വരെ 4059 പേരുടെ ജീവനാണ് കൊറോണ വൈറസ് അപഹരിച്ചത്.

കോവിഡ് 19 ബാധിച്ച് ഇപ്പോള്‍ 4576 രോഗികള്‍ അത്യാസന്ന നിലയില്‍ വിവിധ സംസ്ഥാനങ്ങളിലെ ആശുപത്രികളിലുണ്ട്. മലയാളി സമൂഹവും അത്യന്തം ഭീതിയിലാണ്. ഇന്നലെ ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി എന്നിവിടങ്ങളിലായി രണ്ടു മലയാളികള്‍ മരിച്ചിരുന്നു. പത്തനംതിട്ട സ്വദേശി തോമസ് ഡേവിഡ്, എറണാകുളം സ്വദേശി കുഞ്ഞമ്മ സാമുവല്‍ എന്നിവരാണിവര്‍.നിലവില്‍ 177329 പേര്‍ക്ക് അമേരിക്കയില്‍ രോഗബാധയുണ്ട്. ഇതില്‍ 109 എണ്ണം പുതിയ രോഗബാധിതരാണ്.

പത്തുലക്ഷം പേര്‍ക്ക് 10 മരണം എന്നത് രണ്ടു കൂടി വർധിച്ച് 12 ആയതായി വൈറ്റ്ഹൗസ് അറിയിച്ചു. എല്ലാ മുന്‍കരുതലും ജാഗ്രതയും ആരോഗ്യസംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും പരിഭ്രമിക്കേണ്ടതില്ലെന്നും വൈറ്റ്ഹൗസ് വ്യക്തമാക്കുന്നുണ്ട്. ന്യൂയോര്‍ക്കില്‍ താത്ക്കാലിക സംവിധാനങ്ങള്‍ക്കു പുറമേ ആവശ്യമായ ആരോഗ്യകിറ്റുകളും എത്തിച്ചു കഴിഞ്ഞു. സൈനിക ആശുപത്രികളുടെ സഹായവും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്.

എന്നാല്‍, ഏറ്റവും മോശമായ കാര്യങ്ങളാണ് മുന്നിലുള്ളതെന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപ് സമ്മതിക്കുന്നു. കര്‍ശനമായ ലഘൂകരണ ശ്രമങ്ങള്‍ക്കിടയിലും, 100,000 മുതല്‍ 240,000 വരെ അമേരിക്കക്കാര്‍ വരും ആഴ്ചകളില്‍ മരിക്കാനിടയുണ്ടെന്ന് അദ്ദേഹം പറയുന്നു. ന്യൂയോര്‍ക്കില്‍ കൊറോണ കൊടുങ്കാറ്റായി മാറുകയാണ്. 75,795 സ്ഥിരീകരിച്ച കേസുകളും ഇതുവരെ 1,550 മരണങ്ങളുമുള്ള ന്യൂയോര്‍ക്ക് സിറ്റി അമേരിക്കയുടെ കോവിഡ് 19-ന്റെ പ്രഭവകേന്ദ്രമായി മാറി. മിഷിഗണ്‍, കലിഫോര്‍ണിയ, ഇല്ലിനോയ്‌സ്, ലൂസിയാന, വാഷിങ്ടണ്‍, പെന്‍സില്‍വേനിയ, ജോര്‍ജിയ സംസ്ഥാനങ്ങളില്‍ രോഗബാധിതരുടെ എണ്ണത്തില്‍ വന്‍ വർധനവുണ്ട്. ടെക്‌സസില്‍ 3266 പേര്‍ക്ക് രോഗബാധയുണ്ടെങ്കിലും മരണസംഖ്യ 41 മാത്രമാണ്.

എന്നാല്‍ കണക്ടിക്കറ്റ്, ഫ്ലോറിഡ എന്നിവിടങ്ങളില്‍ രോഗബാധിതര്‍ ഏറെയാണ്. ഇപ്പോഴത്തെ കണക്കുകള്‍ പ്രകാരം ന്യൂയോര്‍ക്ക് ഒന്നാമതും ന്യൂജേഴ്‌സി രണ്ടാം സ്ഥാനത്തുമാണ്. പതിനായിരം രോഗികള്‍ക്ക് മുകളിലാണ് ഈ രണ്ടു സംസ്ഥാനങ്ങളിലുമുള്ളത്. മലയാളികള്‍ ഏറ്റവും കൂടുതല്‍ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ടു സംസ്ഥാനങ്ങള്‍ ഇവയാണെന്നും അമേരിക്കന്‍ മലയാളികളെ ഭീതിയിലാഴ്ത്തുന്നു. ന്യൂയോര്‍ക്കില്‍ 75795 രോഗികള്‍ ഉള്ളപ്പോള്‍ ന്യൂജേഴ്‌സിയില്‍ 18696 പേരുണ്ട്. മൂന്നാം സ്ഥാനത്ത് മിച്ചിഗണും (7615) നാലാമത് കാലിഫോര്‍ണിയയുമാണ് (6932). പട്ടികയില്‍ പന്ത്രണ്ടാം സ്ഥാനത്താണ് ടെക്‌സാസ്.

അതേസമയം, ഒരു മാസം സാമൂഹിക അകലം പാലിക്കണമെന്ന് ട്രംപ് ആവശ്യപ്പെടുകയും 'ഇത് വളരെ വേദനാജനകമാണെന്നും ഇപ്പോഴത്തേതിനെ അപേക്ഷിച്ചു വരുന്ന രണ്ടാഴ്ച്ച വളരെ വേദനാജനകമാവുകയും ചെയ്യും', എന്ന് മുന്നറിയിപ്പ് നല്‍കി. 'ഓരോ അമേരിക്കക്കാരനും വരാനിരിക്കുന്ന ദുഷ്‌കരമായ ദിവസങ്ങള്‍ക്കായി തയ്യാറാകണമെന്ന് അറിയിക്കുന്നു. വളരെ വലിയ ആരോഗ്യ രക്ഷാദൗത്യമാണ് മുന്നിലുള്ളതെങ്കിലും എന്തും സംഭവിക്കാം, കരുതിയിരിക്കണം' ട്രംപ് പറഞ്ഞു.

ചൊവ്വാഴ്ച വൈകുന്നേരം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ കുറഞ്ഞത് 100,000 മുതല്‍ 240,000 വരെ അമേരിക്കക്കാര്‍ കോവിഡ് 19- മൂലം മരിക്കുമെന്ന് ശാസ്ത്രലോകം നിരീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. കര്‍ശനമായ പൊതുജനാരോഗ്യ നടപടികള്‍ ഇതിനകം തന്നെ മരണസംഖ്യ വെട്ടിക്കുറച്ചിരിക്കാമെന്ന് അദ്ദേഹം പറഞ്ഞു. 2.2 ദശലക്ഷം ആളുകള്‍ 'ഞങ്ങള്‍ ഒന്നും ചെയ്തില്ലായിരുന്നുവെങ്കില്‍, ജീവിതം സാധാരണ ഗതിയില്‍ മുന്നോട്ട് കൊണ്ടുപോകുകയായിരുന്നുവെങ്കില്‍ മരിക്കുമായിരുന്നു' എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അതുമായി താരതമ്യപ്പെടുത്തുമ്പോള്‍, 100,000 മരണസംഖ്യ 'വളരെ കുറഞ്ഞ സംഖ്യയാണ് - ട്രംപ് പറഞ്ഞു.

റിപ്പോർട്ട്:ജോർജ് എം. കാക്കനാട്ട്