+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോവിഡ് 19: അമേരിക്കൻ മലങ്കര അതിഭദ്രാസന കൗൺസിൽ യോഗം ചേർന്നു

അമേരിക്കൻ മലങ്കര അതിഭദ്രാസന കൗൺസിൽ യോഗം ഭദ്രാസനാധിപൻ യൽദോ മോർ തീത്തോസ് മെത്രാപോലീത്തായുടെ മഹനീയ അധ്യക്ഷതയിൽകൂടി. ലോകം ഇന്നു അഭിമുഖീകരിക്കുന്ന "കോവിഡ് 19' എന്ന ഭീകര വ്യാധി മൂലം ഉണ്ടായിട്ടുള്ള പ്രതിസന്ധ
കോവിഡ് 19: അമേരിക്കൻ മലങ്കര അതിഭദ്രാസന കൗൺസിൽ യോഗം ചേർന്നു
അമേരിക്കൻ മലങ്കര അതിഭദ്രാസന കൗൺസിൽ യോഗം ഭദ്രാസനാധിപൻ യൽദോ മോർ തീത്തോസ് മെത്രാപോലീത്തായുടെ മഹനീയ അധ്യക്ഷതയിൽകൂടി. ലോകം ഇന്നു അഭിമുഖീകരിക്കുന്ന "കോവിഡ് 19' എന്ന ഭീകര വ്യാധി മൂലം ഉണ്ടായിട്ടുള്ള പ്രതിസന്ധിയെ അവലോകനം ചെയ്തു.

ലോകമെമ്പാടും ഈ മഹാവ്യാധിമൂലം ദുരിതമനുഭവിക്കുന്ന ലക്ഷോപലക്ഷം ജനങ്ങൾക്കുവേണ്ടിയും അതിനെ പ്രതിരോധിക്കുന്നതിനായി സ്വന്തം ജീവൻ പോലും പണയപ്പെടുത്തി രാപകലില്ലാതെ അക്ഷീണം പ്രയത്നം നടത്തുന്ന ഡോക്ടേഴ്സ്, നഴ്സസ് തുടങ്ങി മറ്റു ആതുരസേവന രംഗത്ത് പ്രവർത്തിക്കുന്നവർ എന്നിവരെ ഓർത്തും ദൈവ സന്നിധിയിൽ മുട്ടിപ്പായി പ്രാർഥിക്കുവാൻ മെത്രാപോലീത്താ സഭാംഗങ്ങളെ ഉദ്ബോധിപ്പിച്ചു.

ഈ പ്രത്യേക സാഹചര്യത്തിൽ, 2020 ജൂലൈ 22 മുതൽ 25 വരെ പെൻസിൽവാനിയ ലാങ്കാസ്റ്റർ വിന്റാം റിസോർട്സ് ആൻഡ് കൺവൻഷൻ സെന്‍ററിൽ നടത്താൻ തീരുമാനിച്ചിരുന്ന യൂത്ത് ആൻഡ് ഫാമിലി കോൺഫറൻസ് കാൻസൽ ചെയ്തതായി ഭദ്രാസന സെക്രട്ടറി ഫാ. പോൾ തോട്ടക്കാട്ട് അറിയിച്ചു.

റജിസ്ട്രേഷൻ നടത്തിയിട്ടുള്ളവർക്കു ഫുൾ റീഫണ്ട് ലഭിക്കുന്നതിലേക്കായി ഭദ്രാസന ഓഫീസുമായി ബന്ധപെടേണ്ടതാണ്. കൊറോണാ വൈറസിന്‍റെ വ്യാപനം തടയുന്നതിനായി കർശന നടപടികൾ സ്വീകരിക്കുന്ന അതാത് സിറ്റി കൗണ്ടി സ്റ്റേറ്റ് ഗവൺമെന്റ് നിർദേശങ്ങൾ‍ പാലിക്കുകയെന്നത് ക്രൈസ്തവ ധർമ്മമാണെന്നും തിരുമേനി ഓർമിപ്പിച്ചു.

ഈ പ്രതിസന്ധി ഘട്ടത്തിൽ, അതാത് ഇടവക വികാരിയുടെ നിർദേശാനുസരണം അവരവരുടെ ഭവനങ്ങളിലായി ഓൺലൈൻ വഴി നടത്തുന്ന വിശുദ്ധ ആരാധനയിലും പ്രാർഥനകളിലും പങ്കുചേരണമെന്ന് നിർദേശിക്കുന്നതോടൊപ്പം എത്രയും വേഗം ഈ പ്രതിസന്ധിയെ മറികടക്കുവാൻ ഏവർക്കും സർവശക്തനായ ദൈവം കൃപയും ശക്തിയും നൽകട്ടേയെന്ന് പ്രാർഥിക്കുന്നതായും യൽദോ മോർ തീത്തോസ് മെത്രാപോലീത്താ അറിയിച്ചു.