ബ്രിട്ടനില്‍ നിയന്ത്രണം കടുപ്പിക്കാൻ ചെക്ക് പോയിന്‍റുകള്‍

09:00 AM Mar 28, 2020 | Deepika.com
ലണ്ടന്‍: സര്‍ക്കാര്‍ നിര്‍ദേശിച്ച കടുത്ത നിയന്ത്രണങ്ങള്‍ പാലിക്കാന്‍ പൊതുജനങ്ങള്‍ പൂര്‍ണമായി സജ്ജരാകാത്ത സാഹചര്യത്തില്‍ ബ്രിട്ടനില്‍ പോലീസിനു കൂടുതല്‍ അധികാരങ്ങള്‍ നല്‍കി. ഇതിന്‍റെ ഭാഗമായി വിവിധ സ്ഥലങ്ങളില്‍ പോലീസ് ചെക്ക് പോയിന്‍റുകള്‍ സ്ഥാപിച്ചു.

നായ്ക്കളെ നടത്താന്‍ കൊണ്ടുപോകുന്നവരെ പിന്തുടരാന്‍ ഇനി ഡ്രോണുകളുണ്ടാകും. ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്യാനും പോലീസിന് അധികാരം നല്‍കിയിട്ടുണ്ട്.

വാഹനങ്ങളുമായി പുറത്തുപോകുന്നവരോട് എവിടെ പോകുന്നു എന്നന്വേഷിക്കുന്നതിനാണ് ചെക്ക് പോയിന്‍റുകള്‍ സ്ഥാപിക്കുന്നത്. മുന്‍കൂട്ടി അറിയിക്കാത്ത സ്ഥലങ്ങളില്‍ ഇവ മാറിമാറി വരും.

പല സ്ഥലങ്ങളിലും ബാര്‍ബിക്യൂ പാര്‍ട്ടികളും ഹൗസ് പാര്‍ട്ടികളും സംഘമായുള്ള കായികവിനോദങ്ങളും മറ്റും പോലീസ് ഇടപെട്ട് തടയേണ്ടിവരുന്നുണ്ട്.

ബ്രിട്ടീഷ് ജനതയില്‍ ഏഴു ശതമാനം പേരും ഇപ്പോഴും സുഹൃത്തുക്കളെ കാണാന്‍ മാത്രമായി പുറത്തു പോകുന്നു എന്നും, എട്ടു ശതമാനം പേരും അത്യാവശ്യമില്ലാത്ത ഷോപ്പിംഗിനു പോകുന്നു എന്നുമാണ് ഓണ്‍ലൈന്‍ സര്‍വേകളില്‍ കാണുന്നത്.

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും ആരോഗ്യ സെക്രട്ടറി മാറ്റ് ഹാനോക്കിനും കോവിഡ് 19 സ്ഥിരീകരിക്കപ്പെട്ടു. ഇതുവരെയായി 759 മരണവും 15000 ഓളം പേർക്ക് സ്ഥിരീകരണവും ഉണ്ടായി. ഇന്നത്തെ മാത്രം മരണം 181 ആയി.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ