+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജി 20: രാജ്യാന്തര കൂട്ടായ്മകളുടെ പ്രസക്തി വർധിക്കുന്നു: സൽമാൻ രാജാവ്

റിയാദ്: ദേശവും വംശവും അതിരിടാതെ മനുഷ്യരാശിയെ മുഴുവനായും ഭയാനകമായ രീതിയിൽ ആക്രമിക്കുന്ന കോവിഡ് 19 വൈറസ് പോലുള്ള മഹാമാരിയുടെ കാലത്ത് ജി 20 പോലുള്ള അന്താരാഷ്ട്ര കൂട്ടായ്മകളുടെ പ്രസക്തി വര്ധിക്കുകയാണെന്ന്
ജി 20: രാജ്യാന്തര കൂട്ടായ്മകളുടെ പ്രസക്തി വർധിക്കുന്നു: സൽമാൻ രാജാവ്
റിയാദ്: ദേശവും വംശവും അതിരിടാതെ മനുഷ്യരാശിയെ മുഴുവനായും ഭയാനകമായ രീതിയിൽ ആക്രമിക്കുന്ന കോവിഡ് 19 വൈറസ് പോലുള്ള മഹാമാരിയുടെ കാലത്ത് ജി 20 പോലുള്ള അന്താരാഷ്ട്ര കൂട്ടായ്മകളുടെ പ്രസക്തി വര്ധിക്കുകയാണെന്ന് സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ് പറഞ്ഞു. കൊറോണ വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ വിളിച്ചു ചേർത്ത അസാധാരണ ജി 20 വിർച്യുൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു സൽമാൻ രാജാവ്.

മഹാമാരികളെ പിടിച്ചു കെട്ടാനും അതുണ്ടാക്കുന്ന സാമ്പത്തിക ആഘാതം തടയുന്നതിനും അംഗരാജ്യങ്ങൾക്ക് ആത്മവിശ്വസമേകാനും കൂട്ടായ പരിശ്രമവും നടപടികളും ഉണ്ടാകണം.
വീഡിയോ കോൺഫറൻസിങ്ങിലൂടെ വിവിധ അംഗരാജ്യങ്ങളുടെ തലവന്മാരുമായി സംവദിച്ച സൽമാൻ രാജാവ്, പരസ്പര സഹകരണത്തിലൂന്നിയ പ്രവർത്തനങ്ങൾക്ക് സൗദി അറേബ്യയുടെ എല്ലാ അർഥത്തിലുമുള്ള പിന്തുണയും വാഗ്ദാനം ചെയ്തു.

ഈ വർഷം നവമ്പറിൽ റിയാദിൽ അടുത്ത ജി 20 ഉച്ചകോടി നടക്കാനിരിക്കെ നിലവിലെ ജി 20 അധ്യക്ഷനായ സൗദി അറേബ്യ മുൻകൈയെടുത്താണ് അസാധാരണ യോഗം വിളിച്ചത്. ഇതിന്‍റെ പ്രധാന ലക്ഷ്യം കൊറോണ വൈറസ് വ്യാപനത്തിനെതിരെ ആഗോള തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുക എന്നതാണ്.

എല്ലാ ഭൂഖണ്ഡങ്ങളിലും ഒരേപോലെ പടർന്നു കയറിയ ഈ വൈറസ് ഇതുവരെയായി അഞ്ചു ലക്ഷത്തിലേറെ പേരെ ബാധിക്കുകയും ഇരുപത്തിരണ്ടായിരത്തോളം ആളുകളുടെ ജീവനെടുക്കുകയും ചെയ്തു. ലോകാരോഗ്യ സംഘടനയും ഐക്യരാഷ്ട്ര സഭയും ഐ എം എഫ്, ലോക ബാങ്ക് തുടങ്ങിയ അന്താരാഷ്ട്ര ഏജൻസികളുമായി ചേർന്ന് ഈ മഹാമാരിയെ തടയാനുള്ള ഏത് പ്രവർത്തനങ്ങളുമാണ് സഹകരിക്കാൻ ജി 20 തയാറാകണമെന്നു ഈ യോഗത്തിൽ തീരുമാനിച്ചു.

മരണത്തിൽ നിന്നും ലോകജനതയെ രക്ഷിക്കുന്നതോടൊപ്പം ജനങ്ങളുടെ സ്വത്തും തൊഴിലും വരുമാനവും സംരക്ഷിക്കുന്നതിനും ജി 20 പ്രതിജ്ഞാബദ്ധമാണ്. അതോടൊപ്പം തന്നെ കൊറോണ വൈറസ് ചികിത്സക്കായുള്ള ആന്‍റി വൈറസ് വികസിപ്പിക്കുന്നതിനുള്ള ഗവേഷണ പ്രവർത്തനങ്ങൾക്കും സൗദി അറേബ്യ അടക്കമുള്ള ജി 20 അംഗരാജ്യങ്ങൾ മുന്നോട്ടു വരും.
അന്താരാഷ്ട്ര തലത്തിൽ കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ എല്ലാവിധ സഹായവും സഹകരണവും ജി 20 അംഗരാഷ്ട്രങ്ങൾ ഒറ്റക്കെട്ടായി വാഗ്ദാനം ചെയ്തു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ