ആഗോള സമ്പദ് വ്യവസ്ഥ വര്‍ഷങ്ങളോളം നട്ടം തിരിയുമെന്ന് ഒഇസിഡി

09:54 PM Mar 25, 2020 | Deepika.com
ലണ്ടന്‍: കൊറോണ വൈറസ് ബാധ കാരണം ലോകത്തുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി വര്‍ഷങ്ങളോളം തുടരുമെന്ന് ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോഓപ്പറേഷന്‍ ആന്‍ഡ് ഡെവലപ്മെന്‍റ് മുന്നറിയിപ്പു നല്‍കി.

സാമ്പത്തിക മാന്ദ്യകാലത്തെക്കാള്‍ വലിയ ആഘാതം ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് ഇതിനകം സംഭവിച്ചു കഴിഞ്ഞെന്ന് ഒഇസിഡി സെക്രട്ടറി ജനറല്‍ ഏഞ്ജല്‍ ഗുരിയ. പണം ചെലവാക്കലിന് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് വൈറസ്ബാധ കണ്ടെത്താനും ചികിത്സിക്കാനുമുള്ള നടപടികള്‍ക്ക് വേഗം കൂട്ടണമെന്നും ലോക രാജ്യങ്ങളോട് ഒഇസിഡി ആവശ്യപ്പെട്ടു.

ആഗോള സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച ഈ പ്രതിന്ധി കാരണം പകുതിയായി കുറഞ്ഞ് ഒന്നര ശതമാനത്തിലെത്തുമെന്നാണ് ഇപ്പോള്‍ കണക്കാക്കുന്നത്. വ്യവസായങ്ങള്‍ തകരുന്നതും ജോലികള്‍ നഷ്ടമാകുന്നതും എത്രമാത്രമെന്ന് ഇനിയും കണക്കാക്കാനായിട്ടില്ല.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ