+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലൊംബാർഡിയിലെ ക്യൂബൻ ഡോക്ടർമാർ കേരളത്തിനും മാതൃക

റിയാദ്: സുധീരമായ തീരുമാനവുമായി ഇറ്റലിയിലെ മനുഷ്യ വംശത്തെ രക്ഷിക്കാനായി പറന്നിറങ്ങിയ ക്യൂബൻ മെഡിക്കൽ സംഘത്തെ ഹൃദയത്തിന്റെ ഭാഷയിൽ അഭിവാദ്യം ചെയ്യട്ടെ. പഴയ സുഹൃത് രാജ്യമായ സോവിയറ്റ് യൂണിയന്റെ പിന്തുണയോടെ
ലൊംബാർഡിയിലെ ക്യൂബൻ ഡോക്ടർമാർ കേരളത്തിനും മാതൃക
റിയാദ്: സുധീരമായ തീരുമാനവുമായി ഇറ്റലിയിലെ മനുഷ്യ വംശത്തെ രക്ഷിക്കാനായി പറന്നിറങ്ങിയ ക്യൂബൻ മെഡിക്കൽ സംഘത്തെ ഹൃദയത്തിന്റെ ഭാഷയിൽ അഭിവാദ്യം ചെയ്യട്ടെ. പഴയ സുഹൃത് രാജ്യമായ സോവിയറ്റ് യൂണിയന്റെ പിന്തുണയോടെ മുൻ ക്യൂബൻ പ്രസിഡന്‍റ് ഫിദൽ കാസ്ട്രോ നടത്തിയ വിപ്ലവാത്മകമായ പരിശ്രമത്തിലൂടെയാണ് ക്യൂബയിൽ ലോകോത്തരമായ ഡോക്ടർമാരും മെഡിക്കൽ സിസ്റ്റവും പിറവിയെടുക്കുന്നത്. ലോക കമ്യൂണിസ്റ്റ് ചേരിയുടെ പതനത്തോടെയും പതിറ്റാണ്ടുകളായി നിലനിൽക്കുന്ന യു എസ് എംബാർഗോയുടെ ഫലവുമായി ക്യൂബയിലുമുണ്ടായ സാമ്പത്തിക മാന്ദ്യം ഈ രംഗത്തും പ്രശ്നങ്ങൾ സൃഷ്ടിച്ചെങ്കിലും ക്യൂബൻ ഡോക്ടർമാർ ഇന്നും ലോക പ്രശസ്തരാണ്.

സമ്പന്നരാഷ്ട്രമായ ഇറ്റലി ഒരു കാലത്തും അംഗീകരിക്കാത്ത കമ്മ്യൂണിസ്റ്റ് ലാറ്റിൻ അമേരിക്കൻ രാഷ്ട്രമാണ് ക്യൂബ. ഇറ്റലിയുടെ അപേക്ഷ സ്വീകരിച്ചു കൊണ്ട് കോവിഡ് 19 വൈറസ് ഏറ്റവും രൂക്ഷമായി ബാധിച്ചിട്ടുള്ള ഇറ്റലിയിലെ ലൊംബാർഡി പ്രവിശ്യയിലേക്ക് എല്ലാ അപകടവും മുന്നിൽ കണ്ടു കൊണ്ട് തന്നെ തങ്ങളുടെ 52 അംഗ മെഡിക്കൽ സംഘത്തെ അയക്കാൻ ക്യൂബ തയാറായി. തങ്ങളുടെ രാജ്യവും കൊറോണ വൈറസിന്‍റെ പിടിയിലേക്ക് പതുക്കെ നടന്നടുക്കുന്ന സാഹചര്യത്തിലാണ് ഈ ധീരമായ തീരുമാനമുണ്ടായത്. ക്യൂബയിൽ ഇരുപത്തഞ്ചിലേറെ വൈറസ് ബാധ സ്ഥിരീകരിക്കുകയും രാജ്യത്തെ പ്രധാന വരുമാനമാർഗമായ ടൂറിസം താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തത് ഈ ആഴ്ചയിലാണ്.

ഇതിനു മുൻപും ക്യൂബൻ വൈദ്യ സഹായം ലോകത്തെ അനേകം രാജ്യങ്ങൾക്ക് സ്വീകരിച്ചിട്ടുണ്ട്. അതിൽ ഏറെയും ദരിദ്ര രാഷ്ട്രങ്ങളായിരുന്നു. ഹെയ്റ്റിയിൽ കോളറ പടർന്നു പിടിച്ചപ്പോഴും പടിഞ്ഞാറൻ ആഫ്രിക്കയെ 2010 ഇൽ ഗ്രസിച്ച എബോളയെ തുരത്താനും പകർച്ചവ്യാധി ഭീഷണി വകവെക്കാതെയാണ് ക്യൂബൻ സംഘം പോയത്. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ മനുഷ്യത്വ സ്പർശം നമുക്കിവിടെയെല്ലാം കാണാം.

നമ്മുടെ ചിന്താശക്തിക്ക് പിടിതരാതെ ആധുനിക വൈദ്യ ശാസ്ത്രത്തിന് വെല്ലുവിളി ഉയർത്തികൊണ്ട് നോവൽ കൊറോണ വൈറസ് രോഗം (Covid -19) ലോകമാകെ ദ്രുതഗതിയിൽ പടർന്നു പിടിക്കയാണ്. പണക്കാരനോ പാവപ്പെട്ടവനോ ഏഷ്യയെന്നോ യുറോപ്പെന്നോ ഭേദമില്ലാതെ ജാതിമത പക്ഷപാതമില്ലാതെ ഈ രോഗം മനുഷ്യരിൽ പടർന്നു കയറുന്നു. പ്രതിരോധത്തിന്‍റെ ഉൾവലിയലുകളാണ് എവിടെയും. പരാജയം സമ്മതിച്ച മനുഷ്യരുടെ നിസഹായ മുഖമാണെവിടെയും.

കേരളത്തിലെ ജനത ഭൂരിഭാഗവും ഇനിയും ചില യാഥാർഥ്യങ്ങൾ ഉൾക്കൊണ്ടിട്ടില്ല. കമ്യൂണിസ്റ്റെന്നും കോൺഗ്രസ് എന്നും ബി ജെ പി എന്നും പറഞ്ഞു നാം പരസ്പരം പോരടിച്ചു നിൽക്കുമ്പോഴും രോഗബാധിതരുടെ ഗ്രാഫ് കുത്തനെ മേലോട്ട് കുതിക്കുകയാണ്. കേരളത്തിലെ ഇടതുപക്ഷ സർക്കാറിനോടൊപ്പം മുഴുവൻ ജനങ്ങളും അണിചേരേണ്ട സമയമാണിത്. പ്രളയം പോലെയല്ല ഈ ദുരന്തം. കൈവിട്ടു പോയാൽ പിന്നെ വിലപിച്ചിട്ട് കാര്യമില്ല. എല്ലാവരും ഒന്നിച്ചു നിന്നാൽ എല്ലാ പോരായ്മകളും നമുക്ക് മാറ്റിയെടുക്കാം. വരും ദിവസങ്ങളിലെ പ്രവർത്തനങ്ങൾ ഏറെ നിർണായകമാണ് കേരളത്തിൽ. സാമൂഹിക അകലം പാലിക്കുന്നതിൽ ഒട്ടും അമാന്തം കാണിക്കരുത്. വ്യക്തിഗത ശുചിത്വവും ഏറെ പ്രാധാന്യമർഹിക്കുന്നു. കൊറോണ വൈറസിനെ ഒറ്റപ്പെടുത്തി നശിപ്പിക്കാൻ നമുക്ക് സാധിക്കണം. ഇല്ലെങ്കിൽ അവൻ നമ്മെ മുച്ചൂടും നശിപ്പിക്കും. അതിനിട കൊടുക്കരുത്. ക്യൂബൻ മെഡിക്കൽ സംഘം നമുക്ക് മുൻപിൽ വലിയ മാതൃകയാണ്. രാഷ്ട്രീയമായ ഒരു വിരോധവും ഇറ്റലിയിലെ ജനങ്ങളെ സഹായിക്കുന്നതിൽ അവർക്കൊരു തടസ്സമായില്ല. സ്വന്തം ജീവൻ പണയം വെച്ച് കൊണ്ടാണ് അവർ ലൊംബാർഡിയിലെ പോരാട്ടത്തിന്റെ മുന്നണിയിലേക്ക് വന്നത്. ഇതായിരിക്കട്ടെ കൊച്ചു കേരളത്തിലും നമുക്ക് മാതൃക. അന്തിമ വിജയം നമ്മുടെ ഐക്യത്തിനായിരിക്കണം.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ