ചരിത്രത്തിലെ ഏറ്റവും കടുത്ത നിയന്ത്രണങ്ങളുമായി ബ്രിട്ടൻ

10:09 PM Mar 24, 2020 | Deepika.com
ലണ്ടന്‍: സമാധാനകാലങ്ങളിലോ യുദ്ധകാലങ്ങളിലോ പോലും കണ്ടിട്ടില്ലാത്തത്ര കടുത്ത നിയന്ത്രണങ്ങളെ നേരിടുകയാണ് ബ്രിട്ടൻ ജനത. അനിവാര്യ ഘട്ടങ്ങളിലല്ലാതെ ആരും വീടിനു പുറത്തിറങ്ങാന്‍ പാടില്ലെന്നാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഉത്തരവ് നല്‍കിയിരിക്കുന്നത്.

ഭക്ഷണം, ചികിത്സ, ദിവസം ഒരു നേരം വ്യായാമം, ഒഴിവാക്കാന്‍ കഴിയാത്ത ജോലി എന്നീ കാര്യങ്ങള്‍ക്കു മാത്രം പുറത്തിറങ്ങാന്‍ ഉപാധികളോടെ ഇളവ് നല്‍കും. ഉത്തരവ് ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴ ചുമത്താനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സാമൂഹിക അകലം പാലിക്കണമെന്ന സര്‍ക്കാര്‍ ആഹ്വാനം ചെവിക്കൊള്ളാതെ ജനങ്ങള്‍ വാരാന്ത്യത്തില്‍ കൂട്ടത്തോടെ പൊതു സ്ഥലങ്ങളിലേക്കിറിങ്ങിയ സാഹചര്യത്തിലാണ് കടുത്ത നടപടികള്‍ക്ക് സര്‍ക്കാര്‍ നിര്‍ബന്ധിതമായത്.

വീട്ടിലിരുന്ന ചെയ്യാന്‍ സാധിക്കാത്തതും അനിവാര്യമായതുമായ ജോലികള്‍ക്കു മാത്രമേ ഓഫീസില്‍ പോകാന്‍ പാടുള്ളൂ. ഓഫീസിനും വീടിനുമിടയിലുള്ള പരിമിതമായ യാത്ര മാത്രമേ ഇതിനും അനുവദിക്കൂ.

അവശ്യ വസ്തുക്കളല്ലാത്ത എന്തും വില്‍ക്കുന്ന കടകളെല്ലാം അടച്ചിടണം. കളിസ്ഥലങ്ങളും പള്ളികളും പൂട്ടണം. ലംഘിക്കുന്നവര്‍ക്കെതിരേ നടപടിയെടുക്കാന്‍ പോലീസിനു പ്രത്യേക അധികാരം.

തുടക്കത്തില്‍ തണുപ്പന്‍ നിലപാട് സ്വീകരിച്ചിരുന്ന പ്രധാനമന്ത്രി, മന്ത്രിസഭയുടെ കടുത്ത സമ്മര്‍ദത്തിനും കലാപ ഭീഷണിക്കുമൊടുവിലാണ് കടുത്ത നടപടികള്‍ക്കു വഴങ്ങിയതെന്നാണ് സൂചന. പ്രധാനമന്ത്രിയുടെ അയഞ്ഞ സമീപനം അനവധി ജീവനുകള്‍ നഷ്ടപ്പെടാന്‍ കാരണമാകുമെന്ന് പ്രതിപക്ഷവും മുന്നറിയിപ്പു നല്‍കിയിരുന്നു.

രാജ്യത്താകെ ഇതുവരെയായി 6650 കേസുകളാണ് സ്ഥിരീകരിച്ചത്.ഇതുവരെയായി 335 മരണവും സംഭവിച്ചു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ