കൊറോണഭീതിയില്‍ ലണ്ടന്‍ സ്ഥാപനങ്ങള്‍ ജീവനക്കാരെ തിരിച്ചയയ്ക്കുന്നു

10:25 PM Feb 27, 2020 | Deepika.com
ലണ്ടന്‍: കൊറോണ വൈറസ് ഭീതി കാരണം ലണ്ടനിലെ പല സ്ഥാപനങ്ങളും ജീവനക്കാരെ വീടുകളിലേക്കു തിരിച്ചയയ്ക്കുന്നു. ഓഫീസില്‍ വരാതെ വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.

എണ്ണക്കമ്പനിയായ ഷെവ്റോണ്‍ മുന്നൂറ് ജീവനക്കാര്‍ക്കാണ് വര്‍ക്ക് അറ്റ് ഹോം നിര്‍ദേശം നല്‍കിയിരിക്കുന്നത്. ക്രോസ്റെയ്ല്‍, കാനറി വാര്‍ഫ് തുടങ്ങിയ സ്ഥാപനങ്ങളും സമാന നടപടികള്‍ സ്വീകരിച്ചു വരുന്നു.

സ്വിസ് കമ്പനികള്‍ ബിസിനസ് ട്രിപ്പുകളെല്ലാം റദ്ദാക്കുകയാണ്. ഹസ്തദാനം പോലെ സ്പര്‍ശന സാധ്യതകളും ഒഴിവാക്കാനാണ് നിര്‍ദേശം.

ഇറ്റലിയില്‍ വൈറസ് ബാധ വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ അതിര്‍ത്തി അടയ്ക്കണമെന്ന് സ്വിറ്റ്സര്‍ലന്‍ഡ് സര്‍ക്കാരിനു മേല്‍ സമ്മര്‍ദം ശക്തമാണ്. അതേസമയം അതിര്‍ത്തികള്‍ അടയ്ക്കില്ലെന്ന് ജര്‍മനി അടക്കമുള്ള രാജ്യങ്ങള്‍ പ്രഖ്യാപിച്ചുകഴിഞ്ഞു.


റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ