അങ്കമാലിയില്‍ ജര്‍മന്‍ ഭാഷാ സ്കൂള്‍ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു

10:05 PM Feb 27, 2020 | Deepika.com
അങ്കമാലി: അങ്കമാലിയില്‍ ആരംഭിച്ച റൈന്‍ലാന്റ് ജര്‍മന്‍ ഭാഷാ സ്കൂളിന്‍റെ ഉദ്ഘാടനം സംസ്ഥാന വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് നിര്‍വഹിച്ചു.അങ്കമാലി കരയാംപറമ്പ്, മൂക്കന്നൂര്‍ റോഡില്‍ ഞാലൂക്കരയില്‍ സ്ഥിതിചെയ്യുന്ന സ്കൂള്‍ കെട്ടിടസമുച്ചയത്തിലെ ബര്‍ലിന്‍ ഹാളില്‍ ഫെബ്രുവരി 20 ന് വൈകുന്നേരം നാലരയ്ക്ക് ചേര്‍ന്ന സമ്മേളനത്തില്‍ കറുകുറ്റി പഞ്ചായത്ത് പ്രസിഡന്‍റ് ഷാജു വി.തെക്കേക്കര അദ്ധ്യക്ഷത വഹിച്ചു. ഗ്ലോബല്‍ മലയാളി ഫെഡറേഷന്‍ ഗ്ളോബല്‍ പ്രസിഡന്‍റ് പോള്‍ ഗോപുരത്തിങ്കല്‍ മുഖ്യപ്രഭാഷണം നടത്തി. മുന്‍ ഗതാഗതമന്ത്രി അഡ്വ.ജോസ് തെറ്റയില്‍, സിപിഎം അങ്കമാലി ഏരിയ സെക്രട്ടറി കെ.കെ.ഷിബു, പഞ്ചായത്തംഗം ഗോപാലകൃഷണന്‍, ജിഎംഎഫ് എക്കണോമിക് ഫോറം പ്രസിഡന്‍റ് അഡ്വ.ജൂലപ്പന്‍ സേവ്യര്‍, കൊളോണ്‍ കേരള സമാജം പ്രസിഡന്‍റ് ജോസ് പുതുശേരി, ബേബി പേരപ്പാടന്‍ എന്നിവര്‍ ആശംസകൾ നേർന്നു പ്രസംഗിച്ചു.

ജര്‍മനിയില്‍ നിന്നും നാട്ടില്‍ അവധിക്കെത്തിയ ഒട്ടേറെ മലയാളികള്‍ പ്രത്യേകിച്ച് കൊളോണ്‍ മലയാളികള്‍ ഉള്‍പ്പടെ നിരവധിപേര്‍ ചടങ്ങിനെത്തിയിരുന്നു.

ജര്‍മനിയിലെ അറിയപ്പെടുന്ന കലാ സാംസ്ക്കാരിക പ്രവര്‍ത്തകനും ലോക കേരള സഭാ അംഗവുമായ പോള്‍ ഗോപുരത്തിങ്കലിന്‍റെ മേല്‍നോട്ടത്തിലാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. 500 വിദ്യാര്‍ഥികള്‍ക്ക് ഒരേസമയം ഭാഷ പഠിക്കാനുള്ള സാഹചര്യവും വനിതകള്‍ക്ക് ഹോസ്റ്റല്‍ സൗകര്യവും ഉണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

നഴ്സിംഗ് ജോലിയുള്‍പ്പടെ ഒട്ടനവധി മേഖലകളില്‍ തൊഴില്‍ സാധ്യതയുള്ള ജര്‍മനിയിലേയ്ക്കു കുടിയേറാന്‍ ജര്‍മന്‍ ഭാഷാ ജ്ഞാനം അത്യാവശ്യമായിരിയിക്കെ അങ്കമാലിയിലെ റൈന്‍ലാന്‍റ് സ്കൂളിന്‍റെ പ്രവര്‍ത്തനം മലയാളികള്‍ക്ക് എന്തുകൊണ്ടും പ്രയോജനപ്രദമാവും.

വിവരങ്ങള്‍ക്ക് : 9846240419, വാട്സാപ്പ് : 0049 17816145.