ഭരതന്‍ സ്മാരക ഷോര്‍ട്ട് ഫിലിം പ്രവാസി പുരസ്കാരം വിയന്ന മലയാളി മോനിച്ചന്‍ കളപ്പുരയ്ക്കലിന്

09:40 PM Feb 15, 2020 | Deepika.com
ആലപ്പുഴ/വിയന്ന : ചലച്ചിത്ര സംവിധായകന്‍ ഭരതന്‍റെ സ്മരണാര്‍ഥം ആലപ്പുഴ ആസ്ഥാനമായുള്ള വേള്‍ഡ് ഡ്രമാറ്റിക് സ്റ്റഡി സെന്‍റര്‍ ആന്‍ഡ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഏര്‍പ്പെടുത്തിയ പത്താമത് ഭരതന്‍ സ്മാരക ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ പ്രവാസി വിഭാഗത്തില്‍ വിയന്ന മലയാളി മോനിച്ചന്‍ കളപ്പുരയ്ക്കല്‍ സംവിധാനം ചെയ്ത "തിരികള്‍' ഒന്നാം സ്ഥാനം കരസ്ഥമാക്കി.

സ്വന്തം രാജ്യത്തിനായി രണാങ്കണത്തില്‍ വീരമൃത്യു വരിച്ച ഒരു പോലീസ് ഓഫീസറുടെ വിധവയായ ഭാര്യയും വികലാംഗനായ മകനുമുള്‍പ്പെടുന്ന കുടുംബം അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ പ്രതിപാദിക്കുന്ന ചിത്രം 'തിരികള്‍' എന്ന ഷോര്‍ട്ട് ഫിലിമാണ് പുരസ്കാരത്തിനര്‍ഹമായത്.

നീറുന്ന ഹൃദയത്തോടെ, തന്റെ പ്രിയപ്പെട്ടവന്‍ ഏതൊരു മൂല്യത്തിനായാണോ ജീവത്യാഗം ചെയ്തത്, അതെ മൂല്യങ്ങളില്‍ തന്‍റെ മകനെയും നയിക്കുന്ന യുവതിയായ ഒരമ്മയുടെ വേദനയിലേക്ക് ശ്രദ്ധ ക്ഷണിക്കുന്ന ചിത്രം പുതുമയാര്‍ന്ന പ്രമേയത്തിലൂടെയും, മികവുറ്റ സംവിധാനത്തിലൂടെയും ഉന്നത നിലവാരം പുലര്‍ത്തിയെന്ന് ജഡ്ജിംഗ് കമ്മിറ്റി വിലയിരുത്തി.

ചിത്രത്തിന്‍റെ കഥ, തിരക്കഥ, കാമറ, സംവിധാനം എന്നിവയെല്ലാം നിർവഹിച്ചത് മോനിച്ചന്‍ തന്നെയാണ്. ഇതിനോടകം മറ്റു നാല് ഹൃസ്വചിത്രങ്ങളിലും ദൂരദര്‍ശന്‍റെ 'അകലങ്ങളില്‍' എന്ന മെഗാസീരിയലിലും വിവിധ വിഭാഗങ്ങളില്‍ മികവു പ്രകടിപ്പിച്ചിട്ടുണ്ട്. കൂടാതെ, ഐക്യരാഷ്ട്ര സഭ, സ്വിറ്റ്സര്‍ലൻഡിലെ കേളി തുടങ്ങിയ സ്ഥാപനങ്ങളും സംഘടനകളും സംഘടിപ്പിച്ച മല്‍സരങ്ങളില്‍ നിരവധി തവണ ഷോര്‍ട്ട് ഫിലിം, ഫോട്ടോഗ്രാഫി വിഭാഗങ്ങളിലും ഇദ്ദേഹം പുരസ്കാരം നേടിയിട്ടുണ്ട്.

മാര്‍ച്ച് രണ്ടാം വാരം ആലപ്പുഴയില്‍ നടക്കുന്ന അവാര്‍ഡു ദാന ചടങ്ങില്‍ സിനിമാ രംഗത്തെ പ്രമുഖരുള്‍പ്പെടെ, നിരവധി പ്രശസ്ത വ്യക്തികള്‍ പങ്കെടുക്കുമെന്ന് വേള്‍ഡ് ഡ്രമാറ്റിക് സ്റ്റഡി സെന്‍റര്‍ ആന്‍ഡ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ആര്യാട് ഭാര്‍ഗവന്‍, ജഡ്ജിംഗ് കമ്മറ്റി അംഗങ്ങളായ ആലപ്പുഴ രാജശേഖരന്‍ നായര്‍, ബി. ജോസുകുട്ടി എന്നിവര്‍ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ