ജര്‍മന്‍ സര്‍ക്കാരില്‍ എഎഫ് ഡിയുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്നത് 48 ശതമാനം ജര്‍മൻകാർ

10:18 PM Feb 13, 2020 | Deepika.com
ബര്‍ലിന്‍: 2030 ഓടെ ജര്‍മന്‍ സര്‍ക്കാരില്‍ തീവ്ര വലതുപക്ഷ പാര്‍ട്ടിയായ എ എഫ് ഡിക്ക് പങ്കാളിത്തം ലഭിക്കുമെന്ന് 48 ശതമാനം ജര്‍മൻകാരും വിശ്വസിക്കുന്നതായി സര്‍വേ റിപ്പോര്‍ട്ട്. എ എഫ് ഡിയെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ മുഖ്യധാരാ പാര്‍ട്ടികള്‍ നടത്തുന്ന ശ്രമം ഫലപ്രദമാകുന്നില്ലെന്നതിന് വിവിധ സ്റ്റേറ്റ് പാര്‍ലമെന്‍റുകള്‍ ഉദാഹരണമാണ്. ഈ പശ്ചാത്തലത്തിലാണ് ഫെഡറല്‍ സര്‍ക്കാരില്‍ എ എഫ് ഡിയുടെ പ്രാതിനിധ്യ സാധ്യത രാജ്യം ചര്‍ച്ച ചെയ്യുന്നത്.

ഡിപിഎയ്ക്കു വേണ്ടി യൂഗോവ് നടത്തിയ സര്‍വേയില്‍ പങ്കെടുത്തവരില്‍ 29 ശതമാനം പേര്‍ മാത്രമാണ് 2030നുള്ളില്‍ എ എഫ് ഡി ഫെഡറല്‍ സര്‍ക്കാരിന്‍റെ ഭാഗമാകില്ലെന്ന് ഉറച്ചു വിശ്വസിക്കുന്നത്.

കഴിഞ്ഞ ആഴ്ച തുരിംഗന്‍ സ്റ്റേറ്റ് പാര്‍ലമെന്‍റില്‍ നടന്ന രാഷ്ട്രീയ നാടകത്തില്‍ എഫ് ഡി പി പ്രതിനിധി തോമസ് കെമ്മറിച്ചിനെ മുഖ്യമന്ത്രിയാക്കാന്‍ എ എഫ് ഡിക്കു സാധിച്ചിരുന്നു. അഞ്ച് പേരുടെ മാത്രം പിന്തുണയുള്ള കെമ്മറിച്ച് പിറ്റേന്നു തന്നെ രാജിവച്ചെങ്കിലും ജര്‍മന്‍ രാഷ്ട്രീയ മണ്ഡലത്തെ പിടിച്ചുലയ്ക്കാന്‍ പോന്നതായിരുന്നു എ എഫ് ഡി നടത്തിയ രാഷ്ട്രീയ നീക്കങ്ങള്‍.

ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്‍റെ പാര്‍ട്ടിയായ സി ഡി യുവിന്‍റെ നേതൃസ്ഥാനം രാജിവയ്ക്കാന്‍ അന്നഗ്രെറ്റ് ക്രാമ്പ് കാറന്‍ബൗവറെ നിര്‍ബന്ധിതയാക്കിയതു പോലും തുരിംഗനില്‍ മുഖ്യധാരാ പാര്‍ട്ടികള്‍ നേരിട്ട രാഷ്ട്രീയ-ധാര്‍മിക പരാജയമായിരുന്നു.

എ എഫ് ഡി സ്റ്റേറ്റ് സര്‍ക്കാരുകളുടെ ഭാഗമാകുന്നതില്‍ പ്രശ്നമൊന്നുമില്ലെന്നു കരുതുന്നവരാണ് 26 ശതമാനം ജര്‍മൻകാരും. ഫെഡറല്‍ സര്‍ക്കാരിന്‍റെ ഭാഗമായാലും പ്രശ്നമില്ലെന്നു കരുതുന്നവര്‍ 19 ശതമാനം വരും. തുരിംഗന്‍ രാഷ്ട്രീയ നാടകം ജനാധിപത്യത്തിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്നതാണെന്ന് സര്‍വേയില്‍ പങ്കെടുത്തവരില്‍ അമ്പതു ശതമാനം പേരും പറഞ്ഞു.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ