യുകെയില്‍ സംഗീതോല്‍സവം ഫെബ്രുവരി 29 ന്

10:20 PM Feb 12, 2020 | Deepika.com
ലണ്ടന്‍: സംഗീതവും നൃത്തവും മേമ്പൊടിയാക്കിയ കലാവിരുന്നുമായി വാറ്റ്‌ഫോര്‍ഡില്‍ സംഗീതസന്ധ്യ അരങ്ങേറുന്നു. ഫെബ്രുവരി 29 നു (ശനി) ഉച്ചകഴിഞ്ഞു മൂന്നു മുതല്‍ രാത്രി 11 വരെ വാറ്റ്‌ഫോര്‍ഡിലെ ഹോളിവെല്‍ കമ്മ്യൂണിറ്റി സെന്‍ററിലാണ് സംഗീതോത്സവം അരങ്ങേറുക.

മ്യൂസിക് ബാന്‍ഡ് രംഗത്ത് ആദ്യ വര്‍ഷത്തിനുള്ളില്‍ തന്നെ ജനശ്രദ്ധ ആകര്‍ഷിച്ച സെവന്‍ ബീറ്റ്‌സ് മ്യൂസിക് ബാന്‍ഡിന്‍റെ നടന്ന സംഗീതോത്സവം സീസണ്‍ 1
(കെറ്റെറിംഗ്), സീസണ്‍ 2(ബെഡ്‌ഫോര്‍ഡ്), സീസണ്‍ 3(വാറ്റ്‌ഫോര്‍ഡ്) നും ശേഷം വാറ്റ്‌ഫോര്‍ഡില്‍ വീണ്ടും കേരളാ കമ്യൂണിറ്റി ഫൗണ്ടേഷന്‍ (കെസിഎഫ്) വാറ്റ്‌ഫോര്‍ഡുമായി സഹകരിച്ചാണ് സീസണ്‍ നാലും ചാരിറ്റി ഇവന്‍റ് ഒരുങ്ങുന്നത്.

മലയാള സിനിമാ രംഗത്ത് അതുല്യ സംഭാവന ചെയ്ത,മലയാളി മനസില്‍ എന്നും നിറഞ്ഞു നില്‍ക്കുന്ന ഒട്ടനവധി നിത്യഹരിത ഗാനങ്ങള്‍ സമ്മാനിച്ച ജ്ഞാനപീഠം കയറിയ പത്മശ്രീ ഒഎന്‍വി കുറുപ്പിന്‍റെ അനുസ്മരണവും ഇവന്‍റിനൊപ്പം അരങ്ങേറും.

യുകെയിലെ 15 ഓളം മുഖ്യയുവഗായകര്‍ സംഗീതോല്‍സവത്തില്‍ ആലാപന വിസ്മയമൊരുക്കുമെന്നതാണ് ഇത്തവണത്തെ പ്രത്യേകത. സംഗീതവും നൃത്തവും ഒന്നുചേരുന്ന വേദിയില്‍ യു കെയില്‍ വിവിധ വേദികളില്‍ കഴിവു തെളിയിച്ച ഗായകര്‍ അണിയിച്ചൊരുക്കുന്ന സംഗീതവിരുന്നും സിനിമാറ്റിക് ക്ലാസിക്കല്‍ നൃത്തങ്ങളും മറ്റു വൈവിധ്യങ്ങളായ പരിപാടികളും സംഗീതോത്സവം സീസണ്‍ നാലിനു കൊഴുപ്പേകും. സംഗീതോത്സവം സീസണ്‍ നാലില്‍ യുകെയിലെ കലാ സാംസ്‌കാരിക രാഷ്ട്രീയ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി പ്രമുഖര്‍ പങ്കെടുക്കും. കളര്‍ മീഡിയ ലണ്ടനും ബീറ്റ്‌സ് യുകെ ഡിജിറ്റലും ചേര്‍ന്നൊരുക്കുന്ന എച്ച്ഡി മികവോടെ എല്‍ഇഡി സ്‌ക്രീനും സംഗീതോത്സവം സീസണ്‍ നാലിനു കുളിര്‍മയും ആസ്വാദ്യതയും പകരും.

സംഗീതോത്സവം സീസണ്‍ നാലിന്‍റെ മുഴുവന്‍ ദൃശ്യങ്ങളും മാഗ്‌നവിഷന്‍ ടിവി ലൈവ് സംപ്രേഷണം ചെയ്യും. കൂടാതെ മിതമായ നിരക്കില്‍ ഭക്ഷണം ലഭ്യമാകുന്ന വാട്ട്‌ഫോര്‍ഡ് കെസിഎഫിന്റെ വനിതകള്‍ പാചകം ചെയ്യുന്ന സ്വാദേറുന്ന ലൈവ് ഭക്ഷണശാലയും വേദിയോട് ചേര്‍ന്നു പ്രവര്‍ത്തിക്കും. തികച്ചും സൗജന്യമായി പ്രവേശനമൊരുക്കുന്ന കലാമാമാങ്കത്തിലേക്കു ഏവരെയും കുടുംബസമേതം സംഘാടകര്‍ സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക്: ജോമോന്‍ മാമ്മൂട്ടില്‍ 07930431445, സണ്ണിമോന്‍ മത്തായി 07727993229, മനോജ് തോമസ് 07846475589.

വേദിയുടെ വിലാസം : HolyWell Communtiy Centre, Watford,WD18 9QD.