+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബേപ്പൂര്‍ മുരളീധര പണിക്കര്‍ക്കും ഡോ. താരമോള്‍ക്കും പാരമൗണ്ട് ലിറ്റററി പുസ്കാരം

ദോഹ : പുതിയ എഴുത്തുകാര്‍, സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍, സംരംഭകര്‍ തുടങ്ങിയവരെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍റര്‍നാഷണല്‍ പീസ് കൗണ്‍സില്‍ ഏര്‍പ്പ
ബേപ്പൂര്‍ മുരളീധര പണിക്കര്‍ക്കും ഡോ. താരമോള്‍ക്കും പാരമൗണ്ട് ലിറ്റററി പുസ്കാരം
ദോഹ : പുതിയ എഴുത്തുകാര്‍, സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍, സംരംഭകര്‍ തുടങ്ങിയവരെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍റര്‍നാഷണല്‍ പീസ് കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ പാരമൗണ്ട് ലിറ്റററി പുരസ്കാരത്തിന് ബേപ്പൂര്‍ മുരളീധര പണിക്കരും ഡോ. കെ.ജി താരമോളും അർഹരായി. ഫെബ്രുവരി 23 നു (ഞായർ) ചെന്നൈ വെസ്റ്റിന്‍ പാര്‍ക്ക് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം വിതരണം ചെയ്യുമെന്ന് ഇന്‍റര്‍നാഷണല്‍ പീസ് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ഡോ. എസ്. ശെല്‍വിന്‍കുമാര്‍ പറഞ്ഞു.

പാഥേയം, അഴിനില, മൂകസന്ധ്യ, സ്നേഹതീരം, ജ്യോതിഷപ്രഭ, ഹരിഹരനാദം, ചുംബന സമരം, ഗ്രാമം, മതങ്ങളെ സാക്ഷി, വെളിച്ചപ്പാതയിലെ സ്വപ്നലോകം, കൃഷ്ണസഖി, ഒരു യാത്രയുടെ അന്ത്യം, സൂര്യപുത്രിയുടെ ഓര്‍മയ്ക്ക്, മണ്‍തോണി, ബേപ്പൂര്‍ തമ്പി, സീതാപതി എന്നീ കൃതികളുടെ കര്‍ത്താവായ ബേപ്പൂര്‍ മുരളീധര പണിക്കര്‍ക്ക് ആര്യഭട്ടീയം, ഭാസ്‌കരീയം ജ്യോതിഷശ്രേഷ്ഠാചാര്യ, പരാശരി, കര്‍മ്മ-കീര്‍ത്തി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

പ്രശസ്ത ജ്യോതിപണ്ഡിതനും പ്രഗത്ഭനുമായിരുന്ന തിരുമലയില്‍ കളരിക്കല്‍ തറവാട്ടിലെ വേലുക്കുട്ടി പണിക്കരുടെ മകന്‍ ഭാസ്‌കരപണിക്കരുടെ മകനാണ് ബേപ്പൂര്‍ മുരളീധര പണിക്കർ.
ഭാര്യ: ഷീന. അഖില, അപര്‍ണ, അഖില്‍ എന്നിവര്‍ മക്കളാണ്.

എറണാകുളം ജില്ലയിലെ കോതമംഗലം സ്വദേശിനിയായ ഡോ. താരമോള്‍ കോതമംഗലം എംഎ കോളജില്‍ നിന്ന് എംഎ ഇക്കണോമിക്‌സില്‍ ബിരുദവും തിരുവനന്തപുരം ഗവണ്‍മെന്‍റ് ട്രെയിനിംഗ് കോളജില്‍ നിന്ന് എംഎഡും അളഗപ്പ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംഫിലും കോയമ്പത്തൂര്‍ ഭാരതീയാര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇക്കണോമിക്‌സില്‍ പിഎച്ച്ഡിയും സ്വന്തമാക്കിയിട്ടുണ്ട്.

വിദ്യാര്‍ഥിനിയായിരിക്കെ തന്നെ ആനുകാലിക വിഷയങ്ങളിൽ നിരവധി സൃഷ്ടികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോലഞ്ചേരി സെന്‍റ് പീറ്റേഴ്‌സ് കോളജ് നടത്തിയ സംസ്ഥാനതല കവിതാമത്സരത്തില്‍ രണ്ടാം സ്ഥാനം നേടി. കോളജ് യുവജനോത്സവങ്ങളില്‍ നിരവധി തവണ കവിത, ഉപന്യാസമത്സരങ്ങളില്‍ പുരസ്‌കാരത്തിനര്‍ഹയായിട്ടുണ്ട്.

ദുബായില്‍ മണിപ്പാല്‍ അക്കാഡമി ഓഫ് ഹയര്‍ എഡ്യൂക്കേഷനില്‍ സ്‌കൂള്‍ ഓഫ് ബിസിനസ് വിഭാഗം അസിസ്റ്റന്‍റ് പ്രഫസറായ ഡോ. താരമോള്‍ പരേതനായ ഗോവിന്ദന്‍ കര്‍ത്താവിന്‍റേയും പാര്‍വതി കുഞ്ഞമ്മയുടെയും മകളാണ്. ഭർത്താവ്: പ്രതീഷ്. ഉത്തര, നിരഞ്ജന്‍ എന്നിവര്‍ മക്കളാണ്.

റിപ്പോർട്ട്: അഫ്സൽ കിളയിൽ