യൂറോപ്യന്‍ യൂണിയന്‍ പകര്‍പ്പവകാശ നിയമം യുകെ നടപ്പാക്കില്ല

10:43 PM Jan 29, 2020 | Deepika.com
ലണ്ടന്‍: യൂറോപ്യന്‍ യൂണിയന്‍ അംഗത്വം ഉപേക്ഷിക്കുന്ന സാഹചര്യത്തില്‍ യൂണിയന്‍ പുറപ്പെടുവിച്ചിരിക്കുന്ന പകര്‍പ്പവകാശ മാര്‍ഗനിര്‍ദേശങ്ങള്‍ യുകെ നടപ്പാക്കില്ലെന്ന് യൂണിവേഴ്സിറ്റീസ് ആന്‍ഡ് സയന്‍സ് മന്ത്രി ക്രിസ് സ്കിഡ്മോര്‍.

ഉപയോക്താക്കള്‍ അപ് ലോഡ് ചെയ്ത പകര്‍പ്പവകാശമുള്ള ഉള്ളടക്കം നീക്കം ചെയ്തില്ലെങ്കില്‍ കമ്പനികളെ പ്രതി ചേര്‍ക്കുന്ന തരത്തിലുള്ളതാണ് നിയമം. ഇതിനെ പല കമ്പനികളും രൂക്ഷമായി വിമര്‍ശിക്കുന്നു.

2021 ജൂണ്‍ ഏഴിനുള്ളില്‍ യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളെല്ലാം നിയമം നടപ്പാക്കണമെന്നാണ് നിര്‍ദേശം. എന്നാല്‍, ഈ മാസം 31നു യൂറോപ്യന്‍ യൂണിയന്‍ അംഗത്വം അവസാനിപ്പിക്കുന്ന യുകെയ്ക്ക് ഡിസംബര്‍ അവസാനത്തോടെ ട്രാന്‍സിഷന്‍ സമയവും പൂര്‍ത്തിയാകുന്ന സാഹചര്യത്തില്‍ നിയമം നടപ്പാക്കാന്‍ ബാധ്യതയില്ല.

തുടക്കത്തില്‍ ഈ നിയമത്തെ പിന്തുണച്ച പത്തൊമ്പതു രാജ്യങ്ങളിലൊന്നാണ് യുകെ.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ