മ്യൂണിക്ക് കേരളസമാജം സുവര്‍ണ ജൂബിലി ആഘോഷിച്ചു

10:20 PM Jan 29, 2020 | Deepika.com
മ്യൂണിക്ക് : ജര്‍മനിയിലെ ആദ്യകാല സമാജങ്ങളിലൊന്നും മ്യൂണിക്കിലെ മലയാളികളുടെ ഹൃദയസ്പന്ദനവുമായ മ്യൂണിക്ക് കേരള സമാജം സുവര്‍ണ ജൂബിലിയാഘോഷിച്ചു. ജനുവരി 25 നു മ്യൂണിക്കിലെ വില്ലി ഗ്രാഫ് ജിംനാസിയം സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ദേശീയ ഗാനാലാപനത്തോടെയാണ് പരിപാടികള്‍ ആരംഭിച്ചത്.സമാജം ട്രഷറര്‍ ശുഭാ മേനോന്‍ പ്രാര്‍ത്ഥനാഗീതം ചൊല്ലി. ആഘോഷത്തില്‍ മുഖ്യാതിഥിയായ മ്യൂണിക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റിലെ കോണ്‍സല്‍ ജനറല്‍ മോഹിത് യാദവ് ഭദ്രദീപം തെളിച്ച് പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. വൈസ് കോണ്‍സുല്‍ വിവേകാനന്ദന്‍ ചടങ്ങില്‍ സന്നിഹിതനായിരുന്നു.

കേരള സമാജം പ്രസിഡന്‍റ് ഗിരികൃഷണന്‍ രാധമ്മ നടത്തിയ സ്വാഗത പ്രസംഗത്തില്‍ സമാജത്തിന്‍റെ പ്രവര്‍ത്തങ്ങളെപ്പറ്റിയും മ്യൂണിക്കിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ ഒത്തൊരുമയ്ക്ക് കേരളസമാജം നല്‍കിയ സംഭാവനകളെപ്പറ്റിയും വിശദമായി പ്രതിപാദിച്ചു. 1969 മുതല്‍ 2020 വരെയുള്ള സമാജത്തിന്‍റെ ചരിത്രം സമാജം സെക്രട്ടറി അതുല്‍ രാജ് അവതരിപ്പിച്ചു.

മധുരിക്കുന്ന ഓര്‍മകളുമായി സമാജത്തിലെ മുതിര്‍ന്ന അംഗങ്ങളെ ആദരിച്ചു.ജനറല്‍ കോണ്‍സൂല്‍ സമാജത്തിലെ മുതിര്‍ന്ന അംഗങ്ങള്‍ക്ക് പുരസ്കാരങ്ങള്‍ വിതരണം ചെയ്തു.


തെക്കന്‍ ജര്‍മനിയിലെ പ്രധാന നര്‍ത്തകരായ ദീപികാ പഞ്ചമുഖി, ടീം ബഞ്ജാര, ബോളിവൂഡ് ആര്‍ട്സ് എന്നിവരുടെ നൃത്തച്ചുവടുകള്‍ ചടങ്ങിനു കൊഴുപ്പേകി. നേഹാ നായരും സംഗീത് രാജഗോപാലും ചേര്‍ന്നൊരുക്കിയ സംഗീതനിശയായിരുന്നു ചടങ്ങിലെ ഏറ്റവും വലിയ ആകര്‍ഷണം. ഇമ്പമാര്‍ന്ന ഗാനങ്ങളില്‍ ആരംഭിച്ച് വേദിയെ കയ്യിലെടുത്ത ശേഷം ഇരുവരും അടിപൊളി നമ്പറുകളിലേക്ക് ചുവടു മാറ്റിയപ്പോള്‍ സദസ്സ് ഇളകി മറിഞ്ഞു.

മ്യൂണിക്കിലെ മറ്റു ഇന്ത്യന്‍ സമാജങ്ങളുടെ പ്രതിനിധികള്‍ക്കൊപ്പം പഴയ തലമുറയും പുതിയ തലമുറയും ഒന്നിച്ച് മുന്നൂറിലേറെ പേര്‍ പങ്കെടുത്ത ഒരപൂര്‍വ സംഗമമായ സുവര്‍ണ ജൂബിലി ആഘോഷം ഭാരതത്തിന്റെ ഐക്യത്തിന്റെയും അഖണ്ഡതയുടെയും മകുടോദാഹരണമായി.


കിരണ്‍, അര്‍ച്ചന എന്നിവര്‍ പരിപാടിയുടെ അവതാരകരായി. സമാജം വൈസ് പ്രസിഡന്റ് അപ്പു തോമസ് ചടങ്ങില്‍ നന്ദി പറഞ്ഞു.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലില്‍