+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹൂസ്റ്റണില്‍ ഗ്യാസ് ടാങ്ക് പൊട്ടിത്തെറിച്ച് രണ്ടു മരണം

ഹൂസ്റ്റണ്‍: ഹൂസ്റ്റണില്‍ ഒരു വെയര്‍ഹൗസിലുണ്ടായ സ്ഫോടനത്തില്‍ രണ്ടു പേര്‍ മരിച്ചു. വെള്ളി പ്രാദേശിക സമയം പുലര്‍ച്ചെ നാലരയോടെയുണ്ടായ സ്ഫോടനത്തില്‍ നിരവധി വീടുകള്‍ക്കും സമീപത്തുള്ള ഒരു സ്ട്രിപ്പ് മാളിന
ഹൂസ്റ്റണില്‍ ഗ്യാസ് ടാങ്ക് പൊട്ടിത്തെറിച്ച് രണ്ടു മരണം
ഹൂസ്റ്റണ്‍: ഹൂസ്റ്റണില്‍ ഒരു വെയര്‍ഹൗസിലുണ്ടായ സ്ഫോടനത്തില്‍ രണ്ടു പേര്‍ മരിച്ചു. വെള്ളി പ്രാദേശിക സമയം പുലര്‍ച്ചെ നാലരയോടെയുണ്ടായ സ്ഫോടനത്തില്‍ നിരവധി വീടുകള്‍ക്കും സമീപത്തുള്ള ഒരു സ്ട്രിപ്പ് മാളിനും കാര്യമായ നാശനഷ്ടമുണ്ടായതായി ഹൂസ്റ്റണ്‍ അഗ്നിശമന വകുപ്പിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

സ്ഫോടനത്തെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചതായി ഹൂസ്റ്റണ്‍ പോലീസ് മേധാവി ആര്‍ട്ട് അസെവെഡോ പറഞ്ഞു. ഭീകാരാക്രമണമായി ബന്ധപ്പെട്ടതാണോ അതോ മനഃപൂര്‍‌വം നടത്തിയതാണോ എന്ന് വിശ്വസിക്കാന്‍ കാരണമില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അന്വേഷണം നടത്തുന്നത് നടപടി ക്രമങ്ങളുടെ ഭാഗമാണെന്നും ഒന്നിലധികം ഏജന്‍സികള്‍ അത് കൈകാര്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ഹൂസ്റ്റണിന്‍റെ വടക്കുപടിഞ്ഞാറന്‍ മേഖലയിലുടനീളം സ്ഫോടനത്തിന്‍റെ ആഘാത തരംഗങ്ങള്‍ ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. സ്ഫോടനത്തിന്‍റെ തരംഗങ്ങള്‍ അനുഭവപ്പെട്ട സമീപവാസികളോട് വീടുകള്‍ക്കു ചുറ്റും തിരയണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. എന്തെങ്കിലും അവശിഷ്ടങ്ങളോ ശരീരഭാഗങ്ങളോ കണ്ടെത്തിയാല്‍ തൊടരുതെന്നും ഹൂസ്റ്റണ്‍ പോലീസിനെ ഉടന്‍ വിവരം അറിയിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നല്‍കി. സ്ഫോടനം നടന്ന സ്ഥലവും പരിസരപ്രദേശങ്ങളും തിരയാന്‍ ഡ്രോണുകള്‍ ഉപയോഗിക്കുകയാണ്.

അതേസമയം 2,000 ഗാലന്‍ പ്രൊപിലീന്‍ ടാങ്ക് ചോര്‍ന്നതാണ് സ്ഫോടനത്തിന് കാരണമെന്ന് ഹൂസ്റ്റണ്‍ അഗ്നിശമന വകുപ്പിലെ സാമുവല്‍ പെന പറഞ്ഞു. ചോര്‍ച്ച പരിഹരിച്ചെന്നും ഇപ്പോള്‍ വായുവിന്‍റെ ഗുണനിലവാരത്തില്‍ ആശങ്കകളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഹൂസ്റ്റണിലെ വെസ്റ്റ്ബ്രാഞ്ച് പരിസരത്തെ ഗെസ്‌നര്‍ റോഡിനും സ്റ്റെഫാനി ലെയ്നിനുമിടയിലുള്ള വീടുകളുടെ വാതിലുകള്‍ തെറിച്ചുപോയതായും ഹൂസ്റ്റണ്‍ എബിസി സ്റ്റേഷന്‍ കെടിആര്‍കെ റിപ്പോര്‍ട്ടു ചെയ്തു.

റിപ്പോർട്ട്: മൊയ്തീന്‍ പുത്തന്‍‌ചിറ