വേൾഡ് ഇക്കണോമിക് ഫോറം ഉച്ചകോടിക്ക് തുടക്കമായി

10:39 PM Jan 22, 2020 | Deepika.com
ദാവോസ്: വേൾഡ് ഇക്കണോമിക് ഫോറത്തിന്‍റെ അന്പതാം പതിപ്പിന് സ്വിറ്റ്സർലൻഡിലെ ദാവോസിൽ തുടക്കമായി. തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ചവരെ നടക്കുന്ന ഉച്ചകോടിയിൽ യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്, ബ്രിട്ടനിലെ ചാൾസ് രാജകുമാരൻ, ജർമൻ ചാൻസലർ അംഗല മെർക്കൽ, അഫ്ഗാനിസ്താൻ പ്രസിഡന്‍റ് അഷ്റഫ് ഗനി, പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, കാലാവസ്ഥാപ്രവർത്തക ഗ്രെറ്റ ത്യുൻബേ തുടങ്ങിയവർ പങ്കെടുക്കുന്നു.

ഇന്ത്യയിൽനിന്ന് ഗൗതം അദാനി, രാഹുൽ ബജാജ്, സഞ്ജീവ് ബജാജ്, കുമാർ മംഗലം ബിർള, എൻ. ചന്ദ്രശേഖരൻ, ഉദയ് കൊടാക്, രജനീഷ് കുമാർ, ആനന്ദ് മഹീന്ദ്ര, സുനിൽ മിത്തൽ, രാജൻ മിത്തൽ, നന്ദൻ നിലേക്കനി, സലീൽ പരേഖ് തുടങ്ങി വിവിധ കന്പനികളുടെ സിഇഒമാരുടെ നൂറംഗസംഘവും ഏതാനും കേന്ദ്രമന്ത്രിമാരും സംസ്ഥാന മുഖ്യമന്ത്രിമാരും പങ്കെടുക്കും. മാനസികാരോഗ്യത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ബോളിവുഡ് താരം ദീപിക പദുകോണും ധ്യാനത്തെക്കുറിച്ച് ആത്മീയാചാര്യൻ സദ്ഗുരുവും ദാവോസിൽ സംസാരിക്കും.

ഉച്ചകോടിക്കിടെ ഇമ്രാൻഖാനും ട്രംപുമായി കൂടിക്കാഴ്ച നടത്തും. ഇരുനേതാക്കളും ദേശീയ സുരക്ഷയുൾപ്പെടെയുള്ള ഉഭയകക്ഷിവിഷയങ്ങളിൽ ചർച്ചനടത്തുമെന്ന് പാകിസ്താൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. 2019 ജൂലൈയിൽ ഇമ്രാന്‍റെ വാഷിംഗ്ടണ്‍ സന്ദർശനത്തിനുശേഷം മൂന്നാംതവണയാകും ഇമ്രാനും ട്രംപും ചർച്ചനടത്തുന്നത്. ഇറാൻ~യുഎസ് സംഘർഷം പശ്ചിമേഷ്യയിൽ സുരക്ഷാ ഭീഷണിയുയർത്തിയിട്ടുള്ള സാഹചര്യത്തിലാണ് കൂടിക്കാഴ്ച. കശ്മീർവിഷയത്തിൽ യുഎസിന്‍റെ പിന്തുണ നേടാനുള്ള ശ്രമങ്ങളും ഇമ്രാൻ നടത്തിയേക്കും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍