ഫ്രാങ്ക്ഫർട്ട് : ജർമനിയിലെ ആദ്യകാല സമാജങ്ങളിലൊന്നായ ഫ്രാങ്ക്ഫർട്ട് കേരള സമാജത്തിന്റെ അൻപതാമത് പൊതുയോഗം സാൽബൗ നോർത്ത് വെസ്റ്റ് സെന്ററിലെ ടൈറ്റസ് ഫോറത്തിൽ ജനുവരി 18 ശനിയാഴ്ച സമാജം പ്രസിഡന്റ് ഡോ. അജാക്സ് മുഹമ്മദിന്റെ അധ്യക്ഷതയിൽ കൂടി. പ്രസിഡന്റിന്റെ സ്വാഗതത്തിനു ശേഷം സമാജം സെക്രട്ടറി അബി മാങ്കുളം 2019 ലെ വാർഷിക റിപ്പോർട്ടും, ട്രഷറാർ രമേശ് ചെല്ലെതുറൈ വാർഷിക വരവു ചെലവു കണക്കുകളും അവതരിപ്പിച്ചു ഭേദഗതികൾ കൂടാതെ ഐക്യകണ്ഠേന പാസാക്കി.
പൊതു ചർച്ചയിൽ സമാജത്തിന്റെ കഴിഞ്ഞകാല പ്രവർത്തനങ്ങൾ ഏറെ മികവിലാണെന്നു യോഗം വിലയിരുത്തി. തുടർന്ന് കാലാവധി തീർന്ന 2019 ലെ ഭരണസമിതിയെ പൊതുയോഗം പിരിച്ചുവിട്ടു.ഇടവേളയിലെ കാപ്പിസൽക്കാരത്തിനു ശേഷം പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു.
സുവർണജൂബിലി നിറവിലെത്തിയ സമാജത്തിന്റെ പുതിയ ഭാരവാഹികളായി കോശി മാത്യു (പ്രസിഡന്റ്), ബോബി ജോസഫ് വാടപ്പറന്പിൽ (സെക്രട്ടറി), ഡോ. അജാക്സ് മുഹമ്മദ് (ട്രഷറർ), വനിതാ മെന്പറായി മറിയാമ്മ ടോണിസണ്, കമ്മറ്റിയംഗങ്ങളായി, രമേശ് ചെല്ലെതുറൈ, സുധീർ രാധാകൃഷ്ണൻ, ബിനോയ് മാത്യു എന്നിവരെയും ഓഡിറ്ററായി അബി മാങ്കുളത്തിനെയും ഐക്യകണ്ഠേന തെരഞ്ഞെടുത്തു. മനോഹരൻ ചങ്ങനാത്ത്, തോമസ് കടവിൽ എന്നിവർ വരണാധികാരികളായി. ഡെയിസണ് പോൾ, ജിബിൻ ജോണ് എന്നിവർ പ്രോട്ടോക്കോളായി പ്രവർത്തിച്ചു.
ഈ വർഷം നടക്കുന്ന സുവർണ ജൂബിലിയാഘോഷങ്ങൾ സുഗമമാക്കാൻ പത്തംഗ കമ്മറ്റിയെയും തെരഞ്ഞെടുത്തു. പൊതുയോഗത്തിന് എത്തിയ സമാജം അംഗങ്ങൾക്കും, സുഗമമായ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകിയവർക്കും പുതിയ പ്രസിഡന്റ് കോശി മാത്യു നന്ദി പറഞ്ഞു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ഫ്രാങ്ക്ഫർട്ട് കേരള സമാജത്തിന് പുതു നേതൃത്വം
11:03 PM Jan 20, 2020 | Deepika.com