23 വര്‍ഷം പഴക്കമുള്ള കൊലക്കേസില്‍ തുമ്പുണ്ടാക്കാന്‍ ഡിഎന്‍എ പരിശോധന തുടങ്ങി

01:09 AM Dec 07, 2019 | Deepika.com
ബെര്‍ലിന്‍: ഇരുപത്തിമൂന്നു വര്‍ഷം പഴക്കമുള്ള കൊലപാതക കേസിനു തുമ്പുണ്ടാക്കാന്‍ ജര്‍മന്‍ പോലീസ് വിശദമായ ഡിഎന്‍എ പരിശോധനകള്‍ക്കു തുടക്കം കുറിച്ചു.

1996ല്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട് കൊല ചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയ ക്ളോഡിയ റുഫ് എന്ന പതിനൊന്നുകാരിയുടെ കൊലപാതകത്തെക്കുറിച്ചാണ് അന്വേഷണം. കേസില്‍ ഇതുവരെ ആരെയും പ്രതി ചേര്‍ത്തിട്ടില്ല.

അന്നു കൊലപാതകം നടന്ന സ്ഥലത്തു നിന്നു ശേഷരിച്ച ഡിഎന്‍എ സാമ്പിളുകളുമായി ഒത്തുനോക്കാന്‍ ഇപ്പോള്‍ 900 പുരുഷന്‍മാരുടെ സാമ്പിളുകളാണ് ശേഖരിക്കുന്നത്.

പരിശോധനയോടു സഹകരിക്കാമെന്നു സമ്മതിച്ചവരെ പ്രദേശത്തുള്ള പ്രൈമറി സ്കൂളില്‍ വിളിച്ചു വരുത്തി സാമ്പിള്‍ ശേഖരിക്കുകയാണ്.

അയലത്തെ പട്ടിക്കുട്ടിയുമായി നടക്കാനിറങ്ങിയപ്പോഴാണ് ക്ലോഡിയയെ തട്ടിക്കൊണ്ടു പോകുന്നത്. രണ്ടു ദിവസത്തിനു ശേഷം ശ്വാസം മുട്ടിച്ചു കൊന്ന നിലയിലാണ് മൃതദേഹം കണ്ടെത്തുന്നത്. പെട്രോള്‍ ഒഴിച്ച് ഭാഗികമായി മൃതദേഹം കത്തിക്കുകയും ചെയ്തിരുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ