സിറിയന്‍ ക്രിമിനലുകളെ ജര്‍മനി നാടുകടത്തും

12:57 AM Dec 07, 2019 | Deepika.com
ബര്‍ലിന്‍: അപകടകാരികളായ സിറിയന്‍ ക്രിമിനലുകളെ അവരുടെ രാജ്യത്തേക്കു തന്നെ തിരിച്ചയയ്ക്കുന്നതിന് ജര്‍മനി നാടുകടത്തല്‍ നിയമം ഭേദഗതി ചെയ്യുന്നു. നിലവിലുള്ള നിയമമനുസരിച്ച് സിറിയ സുരക്ഷിതമല്ലാത്തതിനാല്‍ അവിടേക്ക് എളുപ്പത്തില്‍ കുറ്റവാളികളെയായാലും നാടുകടത്താന്‍ സാധിക്കില്ല.

ഈ സാഹചര്യത്തില്‍, ഗുരുതരമായ കുറ്റകൃത്യങ്ങള്‍ക്ക് ജര്‍മനിയില്‍ ശിക്ഷിക്കപ്പെടുന്ന സിറിയക്കാരെ വേഗത്തില്‍ നാടുകടത്തുക എന്ന ലക്ഷ്യത്തോടെയാണ് നിയമം ഭേദഗതി ചെയ്യുന്നത്. സമീപ വര്‍ഷങ്ങളില്‍ കുടിയേറ്റക്കാര്‍ ഉള്‍പ്പെട്ട പ്രമാദമായ കേസുകള്‍ കണക്കിലെടുത്താണ് ഭരണ മുന്നണി ഇത്തരമൊരു തീരുമാനമെടുത്തിരിക്കുന്നത്.

അതേസമയം, ഇങ്ങനെയൊരു ഭേദഗതി പാസാക്കിയെടുത്താലും ഇതെങ്ങനെ നടപ്പാക്കുമെന്ന കാര്യത്തില്‍ ഇപ്പോള്‍ വ്യക്തതയില്ല. സിറിയയിലേക്ക് ആരെയെങ്കിലും നാടുകടത്തുമ്പോള്‍ അവിടെ ആരെ അറിയിക്കും എന്നതിന് യാതൊരു രൂപവുമില്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്.

നിലവില്‍ ജര്‍മന്‍ സ്റ്റേറ്റുകളിലെ ആഭ്യന്തര മന്ത്രിമാര്‍ക്കിടയില്‍നിന്നാണ് ഇങ്ങനെയൊരു നിയമ ഭേദഗതിക്കുള്ള ആശയം ഉയര്‍ന്നു വന്നത്. ഓരോ സ്റ്റേറ്റും പ്രത്യേകമായി പാസാക്കിയാലേ ഭേദഗതി നടപ്പിലാകൂ.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ