മാര്‍പാപ്പായ്ക്ക് ക്രിസ്മസ് സമ്മാനമായി റെനോള്‍ട്ട് ഡസ്റ്റര്‍

10:55 PM Dec 02, 2019 | Deepika.com
വത്തിക്കാന്‍സിറ്റി:യൂറോപ്പിലെ യൂട്ടിലിറ്റി വാഹന നിര്‍മാതാക്കളുടെ പട്ടികയില്‍ വിലക്കുറവിന്‍റെ ദാതാക്കളായി മാറിയ ഫ്രഞ്ച് റെനോള്‍ട്ട് കമ്പനിയുടെ റൊമേനിയന്‍ ഉത്പന്നമായ ഡാഷ്യ കമ്പനിയുടെ ഡസ്റ്റര്‍ മോഡല്‍ മാര്‍പാപ്പായ്ക്ക് ക്രിസ്മസ് സമ്മാനമായി നല്‍കി.

അഞ്ചു സീറ്റുകളുള്ള പാപ്പാ മൊബൈലില്‍ എല്ലാ സവിശേഷതകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊതുസന്ദര്‍ശനവേളയില്‍ പാപ്പാ ഉപയോഗിക്കുന്ന വാഹനത്തില്‍ ആധുനികതയുടെ എല്ലാ സാങ്കേതിക സംവിധാനങ്ങളും ഡസ്റ്ററില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വലിപ്പമേറിയ സണ്‍റൂഫ്, മേല്‍ക്കുരയില്‍ ഘടിപ്പിച്ച ഗ്രാബ് ഹാന്‍ഡല്‍, പാപ്പയെ വ്യക്തമായി കാണാന്‍ സാധിക്കുന്ന തരത്തില്‍ സ്ഫടിക കാബിനറ്റ് തുടങ്ങിയവയും ഡസ്റ്ററില്‍ സജ്ജമാക്കിയിട്ടുണ്ട്. വെള്ള നിറത്തിലുള്ള ഡസ്റ്ററിന്‍റെ ഇന്‍റീരിയര്‍ തുലണിഞ്ഞതാണ്.പാപ്പയ്ക്ക് അനായാസം കയറാനും ഇറങ്ങാനും സഹായകമാവും വിധത്തിലാണ് ഡസ്റ്റർ നിര്‍മിച്ചിരിക്കുന്നത്.

റെനോള്‍ട്ട് ഗ്രൂപ്പ് റൊമാനിയ മാനേജിംഗ് ഡയറക്ടര്‍ കിറ്റോഫ് റിഡിയും ഗ്രൂപ്പ് റെനോ ഇറ്റലി ജനറല്‍ മാനേജര്‍ സേവിയര്‍ മാര്‍ട്ടിനെറ്റും ചേര്‍ന്ന് പോപ്പ് മൊബൈല്‍ ഡസ്റ്റര്‍ പാപ്പയ്ക്ക് വത്തിക്കാനില്‍ കൈമാറി.

2016 ലെ അര്‍മേനിയ സന്ദര്‍ശന വേളയില്‍ മാര്‍പാപ്പയുടെ ഔദ്യോഗിക വാഹനം ഡാഷ്യായുടെ 'ലോഗന്‍' സെഡാനായിരുന്നു ഉപയോഗിച്ചത്.

2017 ല്‍ ഇറ്റാലിയന്‍ സൂപ്പര്‍ സ്പോര്‍ട്സ് കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗ്നി സമ്മാനിച്ച 'ഹുറാകാന്‍' ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കു പണം കണ്ടെത്താനായി പാപ്പായുടെ കയ്യൊപ്പ് ചാര്‍ത്തിയ കാര്‍ ലേലം ചെയ്തിരുന്നു. അതില്‍ നിന്നും ലഭിച്ച 6.30 ലക്ഷം പൗണ്ട് ലാളിത്യം മുഖമുദ്രയാക്കിയ ഫ്രാന്‍സിസ് പാപ്പാ ചാരിറ്റിക്കായി നല്‍കുകയും ചെയ്തിരുന്നു.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലില്‍