ഐറിഷ് പാര്‍ലമെന്‍റിൽ ഒരു പ്രിന്‍റര്‍ വരുത്തിവച്ച അധികചെലവ് ഒരു മില്യൺ യൂറോ

02:22 AM Nov 29, 2019 | Deepika.com
ഡബ്ളിന്‍: ഐറിഷ് പാര്‍ലമെന്‍റിലേക്കു വാങ്ങിയ ഒരു പ്രിന്‍റര്‍ ഉണ്ടാക്കിയ അനാവശ്യമായ അധികചെലവ് ഒരു മില്യൺ യൂറോ എന്ന് അന്വേഷണത്തില്‍ വ്യക്തമായി. വയ്ക്കാന്‍ ഉദ്ദേശിച്ച കെട്ടിടത്തില്‍ കൊള്ളിക്കാന്‍ കഴിയാത്തത്ര വലിപ്പമാണ് പ്രിന്‍റര്‍ ഉപയോഗപ്പെടാതിരിക്കാന്‍ കാരണമായത്.

2.1 മീറ്റര്‍ ഉരവും 1.9 മീറ്റര്‍ വീതിയുമുള്ള പ്രിന്‍റര്‍ കഴിഞ്ഞ വര്‍ഷമാണ് വാങ്ങിയത്. വില 808,000 യൂറോ. പ്രിന്‍റര്‍ കെട്ടിടത്തില്‍ കൊള്ളുന്നില്ലെന്നു മനസിലാക്കിയപ്പോള്‍ കെട്ടിടത്തിന്‍റെ മതില്‍ പൊളിച്ചു പണിതാണ് അധികൃതര്‍ സ്ഥലം കണ്ടെത്തിയത്. ഇതിന് മറ്റൊരു 236,000 യൂറോ ചെലവായി. അത്രയും സമയം പ്രതിമാസം 2000 യൂറോ വാടകയ്ക്ക് പ്രിന്‍റര്‍ മറ്റൊരിടത്തു സൂക്ഷിച്ചിരിക്കുകയായിരുന്നു.

കഴിഞ്ഞ ആഴ്ച മാത്രമാണ് അളവ് തെറ്റിയ വിവരം മാധ്യമങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കുന്നത്. പിന്നീട് വിവരാവകാശ നിയമ പ്രകാരമാണ് ഇതിന്‍റെ വിശദാംശങ്ങള്‍ പുറത്തുവരുന്നത്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലില്‍