പുകവലി പരസ്യങ്ങൾക്കെതിരെ ജര്‍മന്‍ ഡോക്ടര്‍മാര്‍

10:44 PM Nov 20, 2019 | Deepika.com
ബര്‍ലിന്‍: പുകവലിയുമായി ബന്ധപ്പെട്ട സകല പരസ്യങ്ങളും പൂര്‍ണമായി നിരോധിക്കണമെന്ന് ജര്‍മന്‍ ഡോക്ടര്‍മാരുടെ സംഘടന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇപ്പോഴും പുകയില കമ്പനികള്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ ബില്‍ബോര്‍ഡുകളിലും സിനിമകളിലും പരസ്യം ചെയ്യാന്‍ അനുമതി നല്‍കുന്ന ഒരേയൊരു യൂറോപ്യന്‍ യൂണിയന്‍ രാജ്യമാണ് ജര്‍മനി.

ഈ വ്യവസായത്തെ ഇവിടെ അംഗീകരിക്കാന്‍ കഴിയില്ലെന്നും പുകവലി അപകടകരമാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇ-സിഗരറ്റ് അടക്കം നിരോധനത്തിന്‍റെ പരിധിയില്‍ വരണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്.

2007ല്‍ മാത്രമാണ് ജര്‍മനിയില്‍ പുകവലി നിയന്ത്രിച്ചുകൊണ്ടുള്ള നിയമം വരുന്നത്. എന്നിട്ടും പബ്ബുകളും റസ്റ്ററന്‍റുകളും അടക്കമുള്ള പല പൊതു സ്ഥലങ്ങളും ഇത് അനുവദിച്ചു വരുന്നുണ്ട്.

രാജ്യത്തെ 15 വയസിനു മുകളിലുള്ളവരില്‍ 26.4 ശതമാനം പുരുഷന്‍മാരും 18.6 ശതമാനം സ്ത്രീകളും പുകവലിക്കാരാണെന്ന് സമ്മതിക്കുന്നവരാണ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ