തുര്‍ക്കിയില്‍ നിന്നു നാടുകടത്തിയ ജര്‍മന്‍ ഐഎസ് ഭീകരര്‍ അറസ്റ്റില്‍

11:59 PM Nov 18, 2019 | Deepika.com
ബര്‍ലിന്‍: തുര്‍ക്കിയില്‍നിന്നു ജര്‍മനിയിലേക്കു നാടുകടത്തിയ യുവതിയെ ജര്‍മന്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയുമായി ബന്ധമുള്ളതായി സംശയമുയര്‍ന്ന സാഹചര്യത്തിലാണ് നടപടി. ജർമനിയിലേക്ക് നാടു കടത്തിയ ജർമൻ പൗരത്വമുള്ള യുവതി ഉൾപ്പെടെയുള്ള ഇസ്‌ലാമിക് സ്റ്റേറ്റ് (ഐ എസ്) ഭീകരരെ ജർമൻ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ബർലിൻ, ഫ്രാങ്ക്‌ഫർട്ട് എയർപോർട്ടുകളിൽ നിന്നാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്.

നാസിം എന്ന യുവതി മറ്റൊരു യുവതിക്കൊപ്പം ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോള്‍ തന്നെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തിങ്കളാഴ്ച മുതലാണ് തുര്‍ക്കി വിദേശ തീവ്രവാദികളെ അതതു രാജ്യങ്ങളിലേക്കു നാടുകടത്തുന്നത്. സിറിയയിലും ഇറാക്കിലും പോയി ഐഎസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നവരാണ് എല്ലാവരും എന്നാണ് സൂചന.

2014ലാണ് നസിം ഐഎസ് ഭരണത്തിനു കീഴില്‍ കഴിയാന്‍ സിറിയയിലേക്കു പോയതെന്നും, 2015ല്‍ ഒരു ഐഎസ് ഭീകരനെ വിവാഹം കഴിച്ച് ഇറാക്കില്‍ താമസമാക്കിയെന്നും പ്രോസിക്യൂട്ടര്‍മാര്‍ പറയുന്നു.

ഭര്‍ത്താവ് ജിഹാദി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ഭീകര സംഘടന ഇവര്‍ക്കു വീട്ടുചെലവിന് പ്രതിമാസം നൂറു ഡോളറും നല്‍കിയിരുന്നത്രെ. ഇവരുടെ പക്കല്‍ ഒരു എകെ 47 റൈഫിളും ഉണ്ടായിരുന്നു എന്നാണ് ആരോപണം.

സിറിയയിലും ഇറാക്കിലും ഭീകര പ്രവർത്തനം നടത്തിയ 95 ജർമൻ ഭീകര പ്രവർത്തകർ തുർക്കിയുടെ കസ്റ്റഡിയിലുണ്ടെന്നും ഇതിൽ 33 പേരെ ഉടനടി ജർമനിയിലേക്ക് നാട് കടത്തുമെന്നും തുർക്കി വ്യക്തമാക്കി.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ