ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ബൈബിള്‍ കലോത്സവം: ഒരുക്കങ്ങള്‍ വിലയിരുത്താന്‍ വോളന്റീയര്‍ കമ്മറ്റി ലിവര്‍പൂളില്‍

11:25 AM Nov 09, 2019 | Deepika.com
ലിവര്‍പൂള്‍: നവംബര്‍ 16 നു നടക്കുന്ന ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ മൂന്നാമത് ദേശീയ ബൈബിള്‍ കലോത്സവത്തിന്റെ അവസാന ഘട്ട ഒരുക്കങ്ങള്‍ വിലയിരുത്താനായി ശനിയാഴ്ച ഉച്ചകഴിഞ്ഞു വിപുലമായ വോളന്റിയേഴ്‌സ് കമ്മറ്റിയുടെ മീറ്റിംഗ് ലിവര്‍പൂളില്‍ കൂടുമെന്നു സംഘാടക സമിതിക്കുവേണ്ടി ഫാ. ജിനോ അരീക്കാട്ട് അറിയിച്ചു.

ലിവര്‍പൂളിലെ ലിതെര്‍ലാന്‍ഡ് ഔര്‍ ലേഡി ക്വീന്‍ ഓഫ് പീസ് ദേവാലയത്തില്‍ വൈകുന്നേരം രണ്ടിനു ദിവ്യകാരുണ്യ ആരാധനയോടെ ആണു മീറ്റിങ് ആരംഭിക്കുന്നത് .തുടര്‍ന്ന് മൂന്നു മണി മുതല്‍ നാല് മണിവരെയാണ് മീറ്റിങ്ങ് ക്രമീകരിച്ചിരിക്കുന്നത് ,കലോത്സവത്തിന്റെ വിജയത്തിനായി രൂപീകരിച്ചിരിക്കുന്ന വിവിധ കമ്മറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ മീറ്റിങ്ങില്‍ വിലയിരുത്തും.

കലോത്സവത്തില്‍ പങ്കെടുക്കാന്‍ എത്തുന്ന മത്സരാര്‍ഥികള്‍ക്കും , മാതാപിതാക്കള്‍ക്കും , കാണികള്‍ക്കും , എല്ലാവിധത്തിലും ഉള്ള സൗകര്യങ്ങള്‍ ക്രമീകരിക്കാനുള്ള അവസാന ഘട്ട ഒരുക്കങ്ങളില്‍ ആണ് സംഘാടകസമിതി. നവമ്പര്‍ പതിനാറു ശനിയാഴ്ച രാവിലെ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തിരിതെളിയിച്ചു ഉദ്ഘാടനം നിര്‍വഹിക്കുന്നതോടെയാണു മത്സരങ്ങള്‍ വിവിധ വേദികളില്‍ ആരംഭിക്കുന്നത്. രൂപതയുടെ എട്ടു റീജിയനുകളില്‍ നടന്ന റീജിയണല്‍ കലോത്സവങ്ങളില്‍ നിന്നും വിജയികളായവര്‍ ആണ് ദേശീയ തലത്തിലുള്ള മത്സരത്തില്‍ മാറ്റുരക്കുന്നത്.

റിപ്പോര്‍ട്ട്: ഷൈമോന്‍ തോട്ടുങ്കല്‍