ജിഹാദിസ്റ്റുകളുടെ പൗരത്വം റദ്ദാക്കാൻ ഡാനിഷ് പാർലമെന്‍റ് നിയമം പാസാക്കി

09:46 PM Nov 05, 2019 | Deepika.com
കോപ്പൻഹേഗൻ: വിദേശ ഭീകര സംഘടനകളിൽ ചേർന്നു പ്രവർത്തിക്കുന്ന ഡാനിഷ് പൗരൻമാരുടെ പാസ്പോർട്ട് പിൻവലിച്ച് അവരുടെ പൗരത്വം റദ്ദാക്കാനുള്ള നിയമ നിർമാണത്തിന് ഡെൻമാർക്കിലെ പാർലമെന്‍റ് അംഗീകാരം നൽകി.

സിറിയയിലും ഇറാക്കിലും ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയിൽ ചേർന്നു പ്രവർത്തിക്കുന്നവരെയാണ് ബിൽ പ്രധാനമായും ലക്ഷ്യമിടുന്നത്.

ഭരണകക്ഷിയായ സോഷ്യൽ ഡെമോക്രാറ്റുകളെ കൂടാതെ വലതുപക്ഷ പാർട്ടികളും ബില്ലിന് അനുകൂലമായി വോട്ട് ചെയ്തു. ഇടതു പാർട്ടികളും സോഷ്യൽ ലിബറലുകളും റെഡ് ഗ്രീൻ സഖ്യവും ഓൾട്ടർനേറ്റിവും എതിർത്തു. സോഷ്യലിസ്റ്റ് പീപ്പിൾസ് പാർട്ടി വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.

ബിൽ പാസായതോടെ, പൗരത്വം റദ്ദാക്കാനുള്ള അധികാരം ഇമിഗ്രേഷൻ മന്ത്രിയിലാണ് നിക്ഷിപ്തമാകുക. വിചാരണ കൂടാതെ തന്നെ ഇവരുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ മന്ത്രിക്ക് അധികാരമുണ്ടാകും.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ